മമ്മൂട്ടി അഭിനന്ദിച്ചു, പിന്നെന്ത് വേണം; ഭ്രമയുഗ ട്രോളുകളിൽ ടിനി ടോം
കൊച്ചി:വനിത ഫിലിം അവാർഡ് വേദിയില്‍ അവതരിപ്പിച്ച കോമഡി സ്കിറ്റിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ടിനി ടോം നേരിട്ടുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ സ്പൂഫ് ആയി ചെയ്ത സ്കിറ്റില്‍ ടിനി ടോമിന് പുറമെ, ബിജു കുട്ടന്‍, ഹരീഷ് പേരടി എന്നിവരും കഥാപാത്രങ്ങളായി എത്തിയിരുന്നു.
മമ്മൂട്ടിയുടെ കൊടുമണ്‍ പോറ്റിയുടെ സ്ഥാനത്താനത്ത് ‘പെടുമണ്‍ പോറ്റി’യെ ടിനി ടോം അവതരിപ്പിച്ച സ്കിറ്റ് സദസ്സില്‍ ചിരി പടർത്തുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെയാണ് സമൂഹ്യ മാധ്യമങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള സൈബർ ആക്രമണം ടിനി ടോമിനെതിരെ നടക്കുന്നത്. ടിനി ടോമിന്റെ പ്രകടനത്തെ മമ്മൂട്ടിയടക്കം അസംതൃപ്തിയോടെ നോക്കിക്കാണുന്ന രീതിയിലുള്ള ട്രോളുകളും സജീവമാണ്. ഇതിനായി പ്രത്യേക ബിജിഎമ്മും മറ്റ് സിനിമകളിലെ കോമഡി രംഗങ്ങളുമൊക്കെ ചേർത്ത് വെച്ചിട്ടുമുണ്ട്.
എന്നാല്‍ ഇത്തരം വിമർശനങ്ങളെയൊന്നും ഞാന്‍ കാര്യമാക്കി എടുക്കിന്നില്ലെന്നാണ് ടിനി ടോം വ്യക്തമാക്കുന്നത്. എനിക്കെതിരായ ഇത്തരം സൈബർ ആക്രമണം ഇന്നും ഇന്നലേയും തുടങ്ങിയതല്ല, ഞാനിപ്പോള്‍ അതൊന്നും ശ്രദ്ധിക്കാന്‍ പോകാറില്ല. ഒരു കണക്കിന് ഇത്തരം ചർച്ചകളും കാര്യങ്ങളുമൊക്കെ ഉണ്ടാകുന്നത് എനിക്ക് തന്നെ നല്ലതാണ്. എപ്പോഴും നിറഞ്ഞ് നില്‍ക്കുമല്ലോയെന്നും അദ്ദേഹം പറയുന്നു.
വനിത വേദിയില്‍ അവതരിപ്പിച്ച സ്കിറ്റിന് മികച്ച പ്രതികരണമാണ് സദസ്സില്‍ നിന്നും ലഭിച്ചത്. എന്നിട്ടും എന്തുകൊണ്ടാണ് അതിനെതിരെ ഇത്തരത്തിലൊരു വിമർശനം എന്ന് അറിയില്ല. ഒരുപക്ഷെ സുരേഷ് ഗോപിക്കൊപ്പം ഞാന്‍ നില്‍ക്കുന്നത് കൊണ്ടായിരിക്കും. അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു. അത് ഇഷ്ടപ്പെടാത്ത ആളുകളായിരിക്കും ഇതിനൊക്കെ പിന്നില്‍.
മമ്മൂക്ക അനശ്വരമാക്കിയ ഒരു കഥാപാത്രത്തിന്റെ സ്പൂഫാണ് ഞാന്‍ ചെയ്തത്. അദ്ദേഹം ചെയ്ത് വെച്ചതിന്റെ അടുത്തെങ്ങും എത്തുന്നത് പോലെ എനിക്ക് ചെയ്യാനും സാധിക്കില്ല. പക്ഷെ ആ സ്കിറ്റ് കഴിഞ്ഞതിന് പിന്നാലെ മമ്മൂക്ക് ബാക്ക് സ്റ്റേജിലെത്തി എന്നെ എഭിനന്ദിച്ചു. അദ്ദേഹം തരുന്ന പിന്തുണയൊക്കെ വളരെ വലുതാണ്. എന്തിനും കൂടെയുണ്ടാകുമെന്നും പറഞ്ഞു. മമ്മൂക്ക മാത്രമല്ല, സിദ്ധീഖ് ഇക്ക, രമേശ് പിഷാരടി തുടങ്ങിയവരൊക്കെ പ്രശംസിച്ചു. പിന്നെ വിമർശിക്കുന്നവരും പരിഹസിക്കുന്നവരും അത് ചെയ്യട്ടെ. ഞാനത് കാര്യമാക്കുന്നില്ലെന്നും ടിനി ടോം കൂട്ടിച്ചേർത്തു.
ഒരു വിഭാഗം പരിഹസിക്കുമ്പോഴും മറുവശത്ത് ടിനി ടോമിനെ പിന്തുണച്ച് എത്തുന്നവരുമുണ്ട് എന്നതും ശ്രദ്ധേയമാണ്. ‘ടിനി ടോം അവതരിപ്പിച്ച ഭ്രമ യുഗം സ്പൂഫ് സ്കിറ്റിന്റെ വീഡിയോ പുറത്തുവന്നത് മുതൽ സോഷ്യൽ മീഡിയയിലെ കുറെ ബുദ്ധിജീവികൾ ട്രോളുകളിറക്കിയും ടിനി ചേട്ടനെ പരിഹസിച്ചും പുളകം കൊള്ളുകയാണ്. നിങ്ങളെത്ര വേണമെങ്കിലും ട്രോളിക്കോളൂ. മതിയാവോളം പരിഹസിച്ചോളൂ. എന്നാൽ ഒരു കാര്യവുമില്ലാതെ ഒരാളെ വാക്കുകൾ കൊണ്ട് തേജോവധം ചെയ്യുമ്പോൾ നിങ്ങള്‍ ഓർക്കേണ്ട ചില കാര്യങ്ങളുണ്ട്’ എന്നാണ് ബിജിത്ത് വിജയന്‍ എന്ന പ്രേക്ഷകന്‍ സിനിഫൈല്‍ മൂവി ഗ്രൂപ്പില്‍ കുറിക്കുന്നത്.
അഖിൽ മാരാർ പറഞ്ഞത് പോലെ കൂക്കു വിളികളും കളിയാക്കലുകളും കയ്യടികളായി മാറുന്ന ഒരു സമയമുണ്ടാവും. ആ സമയമാണ് ഇപ്പോൾ വന്നെത്തിയിരിക്കുന്നത്. ട്രോളുകൾക്കും കളിയാക്കലുകൾക്കും വിട. ഭ്രമയുഗം സ്കിറ്റ് കണ്ട് പ്രോഗ്രാമിന് ശേഷം സാക്ഷാൽ മമ്മൂക്ക തന്നെ ടിനി ടോമിനെയും ടീമിനെയും അഭിനന്ദിച്ചിരിക്കുന്നു. ഇതിലും വലിയ എന്ത് അംഗീകാരമാണ് അയാൾക്കിനി ലഭിക്കാനുള്ളത്.? സോഷ്യൽ മീഡിയയിൽ ആരെയെങ്കിലുമൊക്കെ കുറ്റം പറഞ്ഞ് റീച്ചുണ്ടാക്കാൻ നടക്കുന്ന ബുദ്ധിജീവികൂട്ടങ്ങൾക്ക് ഇതിലും വലിയൊരടി വേറെ കിട്ടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.