അടുത്ത കാലത്തായി മലയാളസിനിമയിലെ കൗമാരക്കാരുടെ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച നടനാണ് നസ്ലന്‍. കഴിഞ്ഞ മാസമിറങ്ങിയ കുരുതിയിലെയും ഹോമിലെയും നസ്ലന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാമുക്കോയ നായകനായ കുരുതിയിലും ഇന്ദ്രന്‍സ് നായകനായ ഹോമിലും തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളായെത്തിയായിരുന്നു നസ് ലന്‍ ആരാധഹൃദയത്തില്‍ ഇടംനേടിയത്.
തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെയാണ് നസ്ലന്‍ സിനിമയിലെത്തുന്നത്. അന്നുതന്നെ സിനിമയിലെ മെല്‍വിന്‍ എന്ന കഥാപാത്രവും ഡയലോഗുകളുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. കുരുതിയിലെയും ഹോമിലെയും പ്രകടനം ഏറെ പേര്‍ ശ്രദ്ധിച്ചെന്നും ഇപ്പോള്‍ ആളുകള്‍ തന്നെ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുകയാണെന്നും നസ്ലന്‍ പറയുന്നു. ഇതിലെല്ലാം ഏറെ സന്തോഷമുണ്ടെന്നാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ നസ്ലന്‍ പറയുന്നത്.
‘ഒരുപാട് പേര് ഇന്ന് നമ്മളെ ഇഷ്ടപെടുന്നു എന്ന് പറയുമ്പോള്‍ തന്നെ വലിയ സന്തോഷമാണ്. ഞാനിതൊന്നും സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ലാത്ത കാര്യങ്ങളാണ്. ഇന്ന് നമ്മളെ കാണുമ്പോള്‍ ആളുകള്‍ അടുത്തേക്ക് വരുന്നു വിശേഷങ്ങള്‍ തിരക്കുന്നു, ഫോട്ടോയെടുക്കുന്നു. ഇതെല്ലാം പലരും ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. ആ ഭാഗ്യം എനിക്ക് ലഭിച്ചതില്‍ സന്തോഷമുണ്ട്,’ നസ്ലന്‍ പറഞ്ഞു.
സിനിമയില്‍ വന്നതിന് ശേഷം തനിക്ക് വ്യക്തിപരമായി മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ലെന്നാണ് നസ് ലന്‍ പറയുന്നത്. പക്ഷേ സിനിമയോടുള്ള കാഴ്ച്ചപ്പാടില്‍ മാറ്റം വന്നിട്ടുണ്ട്. കുറച്ച് കൂടി സീരിയസായി കണ്ട് തുടങ്ങി. സിനിമയില്‍ തന്നെ തുടരണം എന്നാണ് ആഗ്രഹവുമെന്നും നസ്ലന്‍ പറഞ്ഞു.
‘ഓരോ സിനിമയിലും എന്തെങ്കിലുമൊക്കെ പുതിയതായി പഠിക്കാന്‍ പറ്റിയിട്ടുണ്ട്. സിനിമയെ കുറച്ച് കൂടി പക്വതയോടെ സീരിയസായി നോക്കിക്കാണാന്‍ സാധിച്ചത് ഇതുപോലുള്ള സീനിയര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കുമ്പോഴാണ്.