ആരോപണം ഇനിയും വരും, അവസരം ചോദിച്ച് കിട്ടാത്തവരും ഉണ്ടാകാം; കൃത്യമായ അന്വേഷണം വേണം-മണിയൻപിള്ള രാജു
കൊച്ചി: മലയാള സിനിമാ മേഖലയിൽ ഉയർന്നു വരുന്ന ആരോപണങ്ങളിൽ അന്വേഷണം ഉണ്ടാകണമെന്ന് നടൻ മണിയന്‍പിള്ള രാജു. പല വെളിപ്പെടുത്തലുകളും ഇനിയും ഉണ്ടാകും. അതിന്റെ പിന്നിൽ പല താത്പര്യങ്ങൾ ഉണ്ടാകും. ചിലർ പൈസ സ്വന്തമാക്കാൻ ഇറങ്ങിപ്പുറപ്പെടും. ആരോപണവിധേയരിൽ ഇതിൽ ഉൾപ്പെടാത്തവരും ഉൾപ്പെട്ടവരും ഉണ്ടാകും. അതുകൊണ്ട് തന്നെ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ആരോപണം ഇനിയും ധാരാളം വരും. ഇതിന്റെ പിന്നിൽ പല ഉദ്ദേശ്യങ്ങൾ ഉള്ളവരുണ്ടാകും. പൈസ അടിക്കാനുള്ളവർ, നേരത്തെ അവസരം ചോദിച്ച് കൊടുക്കാതിരുന്നവരൊക്കെ ഇത് പറയും. പക്ഷെ ഇവയിൽ ഒരു അന്വേഷണം ആവശ്യമുണ്ട്. ഡബ്ല്യൂ.സി.സി. പറഞ്ഞത് ശരിയാണ്, ഇതിന് കൃത്യമായ അന്വേഷണം ആവശ്യമുണ്ട്. അല്ലെങ്കിൽ ആൾക്കാർ ഇങ്ങനെ വന്നോണ്ടിരിക്കും.
രണ്ട് ഭാഗത്ത് നിന്നും അന്വേഷണം വേണം. കള്ളപ്പരാതിയുമായിട്ട് ആരെങ്കിലും വരുന്നുണ്ടെങ്കിൽ അതും നോക്കണം. അമ്മയുടെ സ്ഥാപക അംഗമാണ് ഞാൻ. കഴിഞ്ഞ കമ്മിറ്റിയിൽ വരെ വൈസ് പ്രസിഡന്റ് ആയിരുന്നു. മെമ്പർഷിപ്പിന് വേണ്ടി പൈസ വാങ്ങിക്കുക എന്നത് എന്റെ അറിവിൽ ഇല്ല’- മണിയന്‍പിള്ള രാജു പറഞ്ഞു.