എന്താണ് നിങ്ങളുടെ ബന്ധം? അത്ര മതിയെന്ന് ബാല; തമിഴിൽ ആങ്കർ ഒരു മയവും കാണിച്ചില്ല;സംഭവമിങ്ങനെ

കൊച്ചി: നടൻ ബാലയുടെ വ്യക്തി ജീവിതം സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ചർച്ചയാണ്. ആദ്യ രണ്ട് വിവാഹബന്ധങ്ങളും വേർപിരിഞ്ഞ ബാല മൂന്നാമത്തെ ഭാര്യ കോകിലയ്ക്കൊപ്പം വിവാഹ ജീവിതം നയിക്കുകയാണ്. യൂട്യൂബ് ചാനലിലൂടെ കോകിലയ്ക്കൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ ബാല ആരാധകരുമായി പങ്കുവെക്കാറുണ്ട്. ആദ്യ ഭാര്യ അമൃത സുരേഷ് അടുത്തിടെ കടുത്ത ആരോപണങ്ങളാണ് ബാലയ്ക്കെതിരെ ഉന്നയിച്ചത്. നിരന്തരം തന്നെ ആക്ഷേപിക്കുന്നത് തുടർന്നതോടെയാണ് വെളിപ്പെടുത്തലെന്ന് അമൃത പറഞ്ഞിട്ടുമുണ്ട്.
വിവാഹ ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങൾ അമൃത തുറന്ന് പറഞ്ഞു. ബാലയ്ക്കെതിരെ പരാതിയും നൽകി. രണ്ടാമത്തെ വിവാഹത്തിൽ സംഭവിച്ചതെന്തെന്ന് ഇപ്പോഴും വ്യക്തമല്ല. എലിസബത്ത് എന്നാണ് ബാല രണ്ടാമത് വിവാഹം ചെയ്ത യുവതിയുടെ പേര്. എലിസബത്ത് തനിക്കൊപ്പമില്ലെന്ന് ഒരു ഘട്ടത്തിൽ ബാല തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറയുകയായിരുന്നു. ഇതിന് ശേഷമാണ് മൂന്നാം വിവാഹം. ബാലയുടെ ബന്ധുവാണ് മൂന്നാം ഭാര്യ കോകില. കഴിഞ്ഞ ദിവസം ബാലയും കോകിലയും ഗലാട്ട തമിഴ് എന്ന തമിഴ് മീഡിയക്ക് അഭിമുഖം നൽകി.
തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് ബാല അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ഈ അഭിമുഖമാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ബാലയെ അനുകൂലിച്ചും വിമർശിച്ചും അഭിമുഖത്തിന് താഴെ കമന്റുകൾ വരുന്നുണ്ട്. ബാല പലതും തുറന്ന് പറയുന്നില്ല എന്നാണ് ചിലരുടെ വിമർശനം. എലിസബത്തിന്റെ കാര്യത്തിൽ വ്യക്തതയില്ലെന്നും അഭിപ്രായമുണ്ട്. താൻ ആശുപത്രിയിലായപ്പോൾ തന്നെ ഒപ്പം നിന്ന് പരിചരിച്ചത് കോകിലയാണെന്ന് ബാല പറയുന്നുണ്ട്.
അപ്പോൾ എലിസബത്ത് ആയിരുന്നില്ലേ ഒപ്പമുണ്ടായിരുന്നതെന്നാണ് ചിലരുടെ ചോദ്യം. കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരിക്കെ തന്റെ മരണം ഏറെക്കുറെ ഉറപ്പിച്ചിരുന്നെന്നും എന്നാൽ രണ്ട് മണിക്കൂറിനുള്ളിൽ അത്ഭുതം സംഭവിച്ചെന്നും ബാല പറയുന്നുണ്ട്. ബാല പറയുന്നത് പലതും സത്യമാണോ എന്ന ചോദ്യവും കമന്റ് ബോക്സിൽ വരുന്നുണ്ട്.
ചില അഭിമുഖം ചെയ്ത അവതാരകയെ അഭിനന്ദിച്ചു. ബാലയും കോകിലയും തമ്മിലുള്ള പ്രായ വ്യത്യാസം, കുട്ടിയായിരിക്കുമ്പോൾ തൊട്ട് കാണുന്നയാളെ ഭാര്യയായി കാണാൻ എങ്ങനെ പറ്റി, സ്വത്തുക്കൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി നടത്തിയ വിവാഹമെന്ന് കേട്ടല്ലോ തുടങ്ങിയ ചോദ്യങ്ങൾ അവതാരക ചോദിക്കുന്നുണ്ട്. എന്താണ് നിങ്ങൾ തമ്മിലുള്ള കുടുംബ ബന്ധമെന്ന് ആങ്കർ ചോദിച്ചപ്പോൾ മാമയുടെ മകളാണെന്ന് ബാല പറയുന്നുണ്ട്. ബന്ധം കുറേക്കൂടി വ്യക്തമാക്കാൻ ആങ്കർ പറഞ്ഞപ്പോൾ മാമായുടെ മകളാണെന്ന് മാത്രം മനസിലാക്കിയാൽ മതിയെന്ന് ബാല ചിരിയോടെ പറഞ്ഞു.
അമ്മയുടെ കുടുംബത്തിൽ നിന്നുള്ള ബന്ധമാണെന്നും പിന്നീട് ബാല പറഞ്ഞു. തുറന്ന് ചോദ്യങ്ങൾ ചോദിച്ചതിനാണ് കമന്റ് ബോക്സിൽ പ്രശംസ. മലയാളത്തിലെ ആങ്കർമാരേക്കാൾ ഭേദമാണ് ഈ ആങ്കർ. ചോദ്യങ്ങൾ നേരിട്ട് ചോദിക്കുന്നു. പക്ഷെ കേരളത്തിലെ ആങ്കർമാർ ഷുഗർകോട്ട് ചെയ്യും, ഇയാളുടെ ക്രൂരമായ ടോക്സിക്, മാനിപുലേറ്റീവ്, നാർസിസിസ്റ്റ് സ്വഭാവത്തെ ഒളിപ്പിക്കും, എന്നാണ് ഒരാളുടെ കമന്റ്. അതേസമയം ബാലയെ പിന്തുണച്ചും കമന്റുകളുണ്ട്.