അവസരം കുറഞ്ഞു, അടവ് മുടങ്ങി, വീടിന് ജപ്തി നോട്ടീസെത്തി, ജീവിക്കാൻ ലോട്ടറി വിറ്റ് ആക്ഷൻ ഹീറോ ബിജുവിലെ നടി
ആലപ്പുഴ: ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ നർമ്മം കലർന്ന സംഭാഷണങ്ങളിലൂടെ നമ്മെ ഏറെ ചിരിപ്പിച്ച മേരിയെ ആരും മറന്നുകാണില്ല. ഓർമകളിൽ എന്നും നിൽക്കുന്ന ആ ചിരി രംഗങ്ങൾ നമുക്ക് സമ്മാനിച്ച മേരിയുടെ ജീവിതം ഇന്ന് ഇങ്ങനെയാണ്. ആലപ്പുഴ ജില്ലയിലെ അരൂർ ദേശീയ പാതയിൽ ലോട്ടറി വിൽക്കുകയാണവർ. യാത്രക്കിടയിൽ ദേശീയപാതയിൽ ഇവരെ കണ്ടവരെല്ലാം മേരിയെ തിരിച്ചറിയും. ആക്ഷൻ ഹീറോ ബിജു എന്ന സിനിമ കണ്ടവരാരും മറക്കാത്ത ആ മുഖം ചെറു പുഞ്ചിരിയോടെ അവരെയെല്ലാം വരവേൽക്കും.
എന്നാൽ പുറത്തുകാണുന്ന ആ ചിരിക്കപ്പുറം മനസിൽ വലിയ ബാധ്യതകളുടെ ഭാരവുമായാണ് മേരി റോഡരികിൽ ലോട്ടറി വിൽക്കുന്നത് . മകളെ വിവാഹം കഴിപ്പിച്ചയച്ചു. ഒപ്പമുള്ള മകൻ രോഗബാധിതനാണ്. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും സിനിമയിൽ പ്രതീക്ഷ വെച്ചായിരുന്നു ഒരു വീടെന്ന സ്വപ്നവുമായി മേരി മുന്നിട്ടിറങ്ങിയത്. ഇതിനായി ജില്ലാ സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത് വീട് പണിതു. അവസരങ്ങൾ കുറഞ്ഞതോടെ തിരിച്ചടവ് മുടങ്ങി. ഒടുവിൽ ജപ്തി നോട്ടീസും എത്തി.
തൊഴിലുറപ്പ് ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു മേരിക്ക് ആക്ഷൻ ഹീറോ ബിജുവിൽ അവസരം ലഭിച്ചത്. എന്നാൽ കൊവിഡ് തീർത്ത പ്രതിസന്ധി അന്നം മുട്ടിച്ചപ്പോഴാണ് ജീവിക്കാൻ മേരി ലോട്ടറി വിൽപ്പന തുടങ്ങിയത്. രാവിലെ ആറരയ്ക്ക് തുടങ്ങുന്ന ലോട്ടറി വിൽപ്പന ഉച്ചവരെ നീളും. കൈയ്യിൽ ഒരു മൊബൈൽ ഫോൺ ഉണ്ട്.
അതിലേക്ക് സിനിമയിൽ നിന്ന് ആരുടെയെങ്കിലും ഒരു വിളി പ്രതീക്ഷിച്ചാണ് മേരിയുടെ ഇപ്പോഴത്തെ യാത്ര. എഴുപുന്ന ചാണിയിൽ ലക്ഷംവീട് കോളനി വീട്ടിലാണ് മേരിയുടെ താമസം. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് മേരിശ്രദ്ധിക്കപ്പെട്ടത്. ആക്ഷൻ ഹീറോയ്ക്ക് പിന്നാലെ നിരവധി പരസ്യങ്ങളിലും മേരി വേഷമിട്ടിരുന്നു.