പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ അപകടം; ചികിത്സയിൽ കഴിയുന്ന ശ്രീതേജിനെ സന്ദർശിച്ച് അല്ലു അർജുൻ
ഹൈദരാബാദ്: പുഷ്പ-2 റിലീസിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഗുരുതരമായി പരിക്കേറ്റ ഒമ്പതുവയസുകാരനെ സന്ദർശിച്ച് നടൻ അല്ലു അർജുൻ. ഹൈദരാബാദിലെ ആശുപത്രിയിലെത്തിയാണ് ചികിത്സയിൽ കഴിയുന്ന ശ്രീതേജയെ നടൻ ചൊവ്വാഴ്ച സന്ദർശിച്ചത്. നടന്റെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് ആശുപത്രി പരിസരത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
അല്ലു അര്‍ജുന്‍ ആശുപത്രിയിലെത്തിയതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംസ്ഥാന ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ദില്‍ രാജുവും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു. സന്ദര്‍ശനം രഹസ്യമാക്കണമെന്ന് നേരത്തേ പോലീസ് നടന് നിര്‍ദേശം നല്‍കിയിരുന്നു. ആശുപത്രി പരിസരത്തെ സുരക്ഷാക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തി നോട്ടീസയക്കുകയും ചെയ്തു.
നേരത്തേ അല്ലു അര്‍ജുന്‍ കുട്ടിയെ സന്ദര്‍ശിക്കാത്തത് ചര്‍ച്ചയായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി പിതാവ് രംഗത്തെത്തിയിരുന്നു. അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ അല്ലുവിന് ചികിത്സയിലുള്ള കുട്ടിയെ സന്ദര്‍ശിക്കണമെന്നുണ്ടായിരുന്നുവെന്നും എന്നാല്‍ ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം അത് ഒഴിവാക്കുകയായിരുന്നുവെന്നുമാണ് നടന്റെ പിതാവ് പറഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞദിവസമാണ് നടന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. യുവതിയുടെ മരണത്തിൽ കഴിഞ്ഞദിവസം ചിക്കഡപ്പള്ളി പോലീസ് അല്ലു അർജുനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് ഹൈക്കോടതി ജാമ്യം നൽകിയത്.ചിക്കഡപ്പള്ളി പോലീസ് അറസ്റ്റ് ചെയ്ത താരത്തെ 14 ദിവസം റിമാൻഡ് ചെയ്യണമെന്ന് നമ്പള്ളി കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നടൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി 50,000 രൂപയുടെ ബോണ്ട് സമർപ്പിക്കാൻ അല്ലു അർജുനോട് കോടതി നിർദേശിച്ചിരുന്നു.
ഇക്കഴിഞ്ഞ ഡിസംബർ നാലിനായിരുന്നു തെലുങ്ക് സിനിമാലോകത്തെ ആകെ ഞെട്ടിച്ച തിയേറ്റർ ദുരന്തം നടന്നത്. 13-ാം തീയതി അല്ലു അർജുന്റെ അറസ്റ്റും നടന്നു. ഒരു ദിവസം ജയിലില്‍ക്കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ അല്ലു അര്‍ജുന് ആരാധകരില്‍ നിന്നും സിനിമാ മേഖലയിലെ സുഹൃത്തുക്കളില്‍ നിന്നും വീരോചിതമായ സ്വീകരണമാണ് ലഭിച്ചത്. വിവാദങ്ങളെല്ലാം തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താരം പ്രതികരിച്ചത്.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അല്ലു അർജുനെ അതിരൂക്ഷമായി വിമർശിച്ചിരുന്നു. രണ്ട് കോടി രൂപ മരിച്ച രേവതിയുടെ കുടുംബത്തിന് നല്‍കാന്‍ പുഷ്പ-2 ടീം തീരുമാനിച്ചിരുന്നു. ഇതിനിടെ ചിത്രത്തിനുവേണ്ടി അല്ലു അര്‍ജുന്‍ പാടിയ ഗാനം യൂട്യൂബില്‍നിന്ന് നീക്കുകയുംചെയ്തു.