NationalNews

ഗർഭഛിദ്രത്തിന് 24 ആഴ്ചവരെ സാവകാശം; നിയമഭേദഗതി പ്രാബല്യത്തിൽ

തിരുവനന്തപുരം:ഗർഭഛിദ്രത്തിന് 24 ആഴ്ചവരെ സമയം അനുവദിച്ച കേന്ദ്ര നിയമഭേഗതി വെള്ളിയാഴ്ച നിലവിൽവന്നു. ഇതിന് അനുസൃതമായി മെഡിക്കൽ ബോർഡുകൾ രൂപവത്കരിക്കാൻ കേന്ദ്രസർക്കാർ, സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യം കണക്കിലെടുത്ത് ഗർഭഛിദ്രം നടത്താനുള്ള അനുമതിയാണ് ഭേദഗതിയിലൂടെ നൽകിയിട്ടുള്ളത്.

20 ആഴ്ചവരെയുള്ള ഗർഭം, ഒരു ഡോക്ടറുടെ തീരുമാനപ്രകാരം വേണ്ടെന്ന് െവയ്ക്കാം. 24 ആഴ്ചയ്ക്കുള്ളിലാണെങ്കിൽ രണ്ടു ഡോക്ടർമാരുടെ നിഗമനം അവശ്യമാണ്.

ഗർഭസ്ഥശിശുവിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയാൽ എപ്പോൾ ഗർഭഛിദ്രം നടത്താനും അനുമതി ലഭിക്കും. ഇത്തരമൊരു മാറ്റം ആദ്യമായിട്ടാണ്. പ്രത്യേക മെഡിക്കൽബോർഡാണ് ഇതുസംബന്ധിച്ച് തീരുമാനം എടുക്കേണ്ടത്. ഗൈനക്കോളജിസ്റ്റ്, ശിശുരോഗവിദഗ്ധൻ, റേഡിയോളജിസ്റ്റ്, സർക്കാർ പ്രതിനിധി എന്നിവരാണ് ബോർഡിലെ അംഗങ്ങൾ. ചികിത്സിക്കുന്ന ഡോക്ടർമാർ നൽകുന്ന റിപ്പോർട്ട് ഈ സമിതി വിലയിരുത്തും.

ഗർഭഛിദ്രം നടത്തിയ സ്ത്രീയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും നിഷ്കർഷിക്കുന്നുണ്ട്. നിയമപരമായ ആവശ്യങ്ങൾക്കല്ലാതെ വെളിപ്പെടുത്താൻ പാടില്ല. ഈ വ്യവസ്ഥ ലംഘിക്കുന്നവർക്ക് ഒരുവർഷംവരെ തടവുനൽകാനുള്ള വ്യവസ്ഥയുമുണ്ട്. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകൾ ഗർഭം ധരിക്കുകയാണെങ്കിൽ, അലസിപ്പിക്കാനുള്ള അനുമതിയുമുണ്ട്. 24 ആഴ്ചവരെ സാവകാശം ലഭിക്കും. കുട്ടിയെ ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ അമ്മയ്ക്കില്ലെന്ന് വ്യക്തമായാൽ ഗർഭഛിദ്രത്തിലേക്ക് നീങ്ങാം. ഗർഭനിരോധനമാർഗങ്ങളുടെ വീഴ്ചകാരണമുണ്ടാകുന്ന ഗർഭം മാതാവിന്റെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് കണ്ടാലും 20 ആഴ്ചയ്ക്കുള്ളിൽ ഗർഭഛിദ്രമാകാം.

നിലവിലുണ്ടായിരുന്ന നിയമപ്രകാരം ഗർഭഛിദ്രത്തിന് പരമാവധി 20 ആഴ്ചയാണ് അനുവദിച്ചിരുന്നത്. 12 ആഴ്ചവരെ ഒരു ഡോക്ടറുടെ നിർദേശപ്രകാരവും 20 ആഴ്ചവരെ രണ്ടു ഡോക്ടർമാരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിലും ഗർഭഛിദ്രം നടത്താമായിരുന്നു. 1971 ലെ നിയമമാണ് പരിഷ്കരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker