ചൈനീസ് റോക്കറ്റിന്റെ മൂന്ന് ടണ്‍ ഭാരമുള്ള അവശിഷ്ടം ചന്ദ്രനില്‍ വീണു : വലിയ ഗര്‍ത്തം
വാഷിംഗ്ടണ്‍ : ചൈനീസ് റോക്കറ്റിന്റെ മൂന്ന് ടണ്‍ ഭാരമുള്ള അവശിഷ്ടം പതിച്ച് ചന്ദ്രനില്‍ വലിയ ഗര്‍ത്തം. ഏഴ് വര്‍ഷക്കാലം ബഹിരാകാശത്ത് കറങ്ങിയ അവശിഷ്ടം വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം ആറ് മണിയോടെയാണ് ചന്ദ്രനില്‍ ഇടിച്ചിറങ്ങിയത്.
ഇത്തരത്തില്‍ ആദ്യമായാണ് മനുഷ്യനിര്‍മിതമായ വസ്തുവിന്റെ അവശിഷ്ടം ചന്ദ്രനില്‍ പതിക്കുന്നത്. അവശിഷ്ടം ചന്ദ്രനില്‍ കാര്യമായ കേടുപാടുകള്‍ സൃഷ്ടിച്ചേക്കില്ലെന്നാണ് ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ മാത്രമേ കൃത്യമായ വിവരം ലഭിക്കൂ. ഒരു റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് കറങ്ങുന്നതായി നേരത്തേ തന്നെ കണ്ടെത്തിയിരുന്നു.
ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ അവശിഷ്മമാണിതെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും ചൈനീസ് റോക്കറ്റിന്റേതാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ചൈന ഇത് നിഷേധിച്ചിട്ടുണ്ട്.
65 അടി വിസ്തൃതിയുള്ള ഗര്‍ത്തമാണ് ചന്ദ്രോപരിതലത്തില്‍ രൂപപ്പെട്ടിരിക്കുന്നത്. ഇന്ധനം തീര്‍ന്നോ എനര്‍ജി ഇല്ലാതെയോ ഭൂമിയിലേക്കെത്താന്‍ കഴിയാതെ ബഹിരാകാശത്ത് കറങ്ങുന്ന ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ ഇനിയുമുണ്ടെന്നാണ് വിവരം. ചിലതൊക്കെ ഭൂമിക്ക് തൊട്ട് മുകളിലാണുള്ളത്. ഇവ നീക്കം ചെയ്യാന്‍ ഇതുവരെ ഒരു പദ്ധതിയും ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല.