കോട്ടയം: പിറ്റ്ബുള്‍ നായയുടെ കാവലില്‍ വീട്ടില്‍ കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് പോലീസ് പിടിയിലായി. കോട്ടയം പാറമ്പുഴയില്‍ വാടകവീട്ടില്‍ താമസിച്ചുവന്നിരുന്ന കഞ്ഞിക്കുഴി സ്വദേശി സൂര്യനെ(24)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്കേസില്‍ പ്രതിയായ മകനെ ഒളിവില്‍പോകാന്‍ സഹായിച്ചതിന് സൂര്യന്റെ അമ്മ രേഖ രാജേഷിനെയും നാല് യുവാക്കളെയും പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായ രേഖ രാജേഷ് കോട്ടയം നഗരസഭയിലെ മുന്‍ കൗണ്‍സിലറാണ്. 2015-ല്‍ കഞ്ഞിക്കുഴി വാര്‍ഡില്‍നിന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് ഇവര്‍ മത്സരിച്ച് ജയിച്ചത്.
പാറമ്പുഴ നട്ടാശ്ശേരിയില്‍ സ്വകാര്യ എന്‍ജിനീയറിങ് കോളേജിന്റെ പിറകുവശത്താണ് സൂര്യന്‍ വീട് വാടകയ്‌ക്കെടുത്ത് ലഹരിക്കച്ചവടം നടത്തിയിരുന്നത്. വീടിന്റെ വാതില്‍ തുറന്നിട്ട് പിറ്റ്ബുള്‍ നായയെ അഴിച്ചുവിട്ട് ഇതിന്റെ കാവലിലായിരുന്നു കഞ്ചാവ് കച്ചവടം പൊടിപൊടിച്ചത്. കഞ്ഞിക്കുഴി സ്വദേശിയായ പ്രതി കഞ്ചാവ് കച്ചവടത്തിന്റെ സൗകര്യത്തിനായാണ് പാറമ്പുഴയില്‍ വീട് വാടകയ്‌ക്കെടുത്തത്. ഇവിടെനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ.യും 250 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
നിരവധി കേസുകളില്‍ പ്രതിയായ സൂര്യന് ഒളിവില്‍ താമസിക്കാന്‍ സൗകര്യം ചെയ്തുനല്‍കിയത് അമ്മ രേഖ രാജേഷ് ഉള്‍പ്പെടെയുള്ളവരാണ്. ഇവരെയും ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ ആലുവയിലേക്ക് കടക്കാന്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.