കോട്ടയം : തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന അപൂര്‍വ മെനിഞ്ചൈറ്റിസ് രോഗം കേരളത്തില്‍ കണ്ടെത്തി. കോട്ടയം അതിരമ്പുഴ സ്വദേശിയായ അറുപത്തിനാലുകാരനിലാണ് രോഗം കണ്ടെത്തിയത് .ഒച്ചിന്റെ ശരീരത്തിലെ വിരകള്‍ മനുഷ്യശരീരത്തില്‍ എത്തി അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്ന രോഗമാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
എസ്എച്ച് മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ചികിത്സകള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. സുജിത് ചന്ദ്രന്‍ അറിയിച്ചു. കൃത്യസമയത്ത് ചികിത്സ നല്‍കാനായതാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത് . കടുത്ത തലവേദനയോടെയാണ് രോഗി ചികിത്സ തേടിയത്. പനി ഇല്ലാതെ ഉണ്ടായ തലവേദനയുടെ കാരണം കണ്ടെത്തുന്നതിനു സിടി സ്‌കാന്‍, എംആര്‍ഐ, എആര്‍വി സ്‌കാന്‍ പരിശോധനകള്‍ നടത്തിയെങ്കിലും രോഗനിര്‍ണയം സാധ്യമായില്ല.
തുടര്‍ന്നു നട്ടെല്ല് കുത്തി സ്രവം എടുത്ത് പരിശോധനയ്ക്ക് അയച്ചു. പരിശോധനയില്‍ ഇസ്‌നോഫിലിയ 70 ശതമാനം ആണെന്നു കണ്ടെത്തി. ഇത്രയും ഇസ്‌നോഫീലിയ സ്രവത്തില്‍ കാണുന്നത് അപൂര്‍വമാണ്. ഇദ്ദേഹത്തിന്റെ വീട്ടില്‍ ഒച്ചിന്റെ ശല്യം രൂക്ഷമാണ് . അങ്ങനെയാകാം വിരകള്‍ ശരീരത്തില്‍ പ്രവേശിച്ചതെന്നു കരുതുന്നു . കൂടുതല്‍ പരിശോധനകള്‍ക്കായി സ്രവ സാംപിള്‍ വെല്ലൂര്‍ മെഡിക്കല്‍ കോളജിലേക്ക് അയച്ചിരിക്കുകയാണ്