ടോക്യോ: തികച്ചും അത്ഭുതകരമായ രക്ഷപെടല്‍. ഒന്നും രണ്ടുമല്ല, 379 പേരാണ് വലിയൊരു ദുരന്തമുഖത്ത് നിന്ന് ജീവിതത്തിലേക്ക് സേഫ് ലാന്‍ഡ് ചെയ്തത്. ജപ്പാനിലെ ഹാനഡ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച സംഭവിച്ചത് വലിയൊരു അപകടമാണ്. അതിലും വലിയൊരു രക്ഷാപ്രവര്‍ത്തനത്തിനാണ് ഹാനഡ സാക്ഷ്യം വഹിച്ചത്. റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു എയര്‍ബസ് വിമാനവും കോസ്റ്റ് ഗാര്‍ഡിന്റെ വിമാനവും തമ്മില്‍ കൂട്ടിയിടിച്ചത്.
അടുത്ത നിമിഷം കോസ്റ്റ് ഗാര്‍ഡ് വിമാനം തീഗോളമായി മാറി. ആ വിമാനത്തിലെ പൈലറ്റൊഴികെ ബാക്കി അഞ്ച് പേര്‍ അപകടത്തില്‍ മരിച്ചു. എങ്കിലും എയര്‍ ബസ് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും രക്ഷപ്പെട്ടുവെന്നത് ആശ്വാസകരമായ വാര്‍ത്തയായി.
ചിറകിന് തീപിടിച്ച എയര്‍ബസ് വിമാനം കുറച്ച് ദൂരം മുന്നോട്ട് പോയാണ് നിന്നത്. അതിനോടകം തന്നെ വിമാനത്തിനുള്ളില്‍ പുക നിറഞ്ഞുകഴിഞ്ഞിരുന്നു. വിമാനം നിര്‍ത്തിയുടനെ തന്നെ ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ജീവനക്കാരടക്കം 379 യാത്രക്കാരും നിലത്തിറങ്ങുമ്പോഴേക്കും വിമാനം ഏറക്കുറേ അഗ്നിക്കിരയായിരുന്നു. എല്ലാം അവസാനിച്ചു എന്ന് കരുതിയിടത്ത് നിന്ന് അദ്ഭുതകരമായ മടങ്ങിവരവ് എന്നാണ് പലരും ആ നിമിഷങ്ങളെക്കുറിച്ച് വിവരിക്കുന്നത്.
തീപ്പിടിത്തമുണ്ടായി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ക്യാബിന്‍ മുഴുവനായി പുകപടര്‍ന്നിരുന്നതായി വിമാനത്തിലുണ്ടായിരുന്ന സ്വീഡ് ആന്റണ്‍ ദെയ്‌ബേ പ്രതികരിച്ചു.
‘പുക പരന്നതോടെ തറയിലേക്ക് ചാടി. എമര്‍ജന്‍സി ഡോര്‍ തുറന്നപാടെ പുറത്തേക്ക് എടുത്തുചാടുകയായിരുന്നു. ക്യാബിനില്‍ മുഴുവനും പുകയായിരുന്നു. എന്താണ് നടക്കാന്‍ പോകുന്നതെന്ന് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. ഞങ്ങള്‍ ഓടി രക്ഷപ്പെടുകയായിരുന്നു’, അദ്ദേഹം പറഞ്ഞു.
എല്ലാവരേയും സുരക്ഷിതരാണെന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്‍ വില്യം മന്‍സിയോണ്‍ എക്‌സില്‍ കുറിച്ചു. ‘ഞാന്‍ ആ വിമാനത്തിലുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണ്. അവര്‍ ഞങ്ങളെ ടെര്‍മിനലിലേക്ക് കൊണ്ടുപോവുകയാണ്, കത്തുന്ന വിമാനത്തിന്റെ ചിത്രത്തിനൊപ്പം അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തു.
കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ മാത്രമാണ് രക്ഷപ്പെടുമ്പോള്‍ തനിക്ക് കൈയില്‍ കരുതാന്‍ കഴിഞ്ഞതെന്ന് മറ്റൊരു യാത്രക്കാരി റികോള്‍ പ്രതികരിച്ചു. ‘ആദ്യമായാണ് ജീവന്‍ അപകടത്തില്‍പ്പെട്ടതായി തോന്നിയത്. വിമാനത്തിന്റെ 45 എച്ച് സീറ്റിലായിരുന്നു ഞാനിരുന്നത്.
വലിയ കൂട്ടിയിടിക്ക് തൊട്ടുപിന്നാലെ വിമാനത്തിന്റെ രണ്ടു ചിറകുകളില്‍നിന്നും തീ ഉയരാന്‍ തുടങ്ങി. ക്യാബിന്‍ മുഴുവന്‍ പുക നിറഞ്ഞെങ്കിലും മുന്നിലെ വാതില്‍ മാത്രമേ തുറക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ മാത്രമെടുത്ത് രക്ഷപ്പെടുകയായിരുന്നു’, അവര്‍ വ്യക്തമാക്കി.
ജപ്പാന്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ350 ശ്രേണിയില്‍പ്പെടുന്ന ജെ.എ.എല്‍- 516 വിമാനവും ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡിന്റെ വിമാനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. യാത്രാവിമാനത്തിലുണ്ടായിരുന്ന ജീവനക്കാരടക്കം 379 പേരേയും രക്ഷിച്ചതായി ജപ്പാന്‍ എയര്‍ലൈന്‍സ് അറിയിച്ചിരുന്നു.
കോസ്റ്റ് ഗാര്‍ഡ് വിമാനത്തിലുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും ബാക്കി അഞ്ച് പേരും വെന്തുമരിച്ചു. പൂര്‍ണ്ണമായും തീപടര്‍ന്ന വിമാനത്തില്‍നിന്ന് ആളുകള്‍ ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. 70 ഓളം അഗ്നിശമന വാഹനങ്ങള്‍ തീയണയ്ക്കാനുള്ള പരിശ്രമത്തിലാണ്.