ആലപ്പുഴയിൽ കൊല്ലപ്പെട്ടത് ഡിവൈഎഫ്ഐ പ്രവർത്തകൻ; വെട്ടിക്കൊന്നത് ക്വട്ടേഷൻ സംഘം; ഹർത്താൽ പ്രഖ്യാപിച്ചു
ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് കൊല്ലപ്പെട്ടത് ഡിവൈഎഫ്ഐ പ്രവർത്തകൻ. ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമായിരുന്ന പുതുപ്പള്ളി പത്തിശേരി സ്വദേശി അമ്പാടി (21) യെ ക്രിമിനൽ ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യുവാവിനെ നാലംഗ സംഘം നടുറോഡിലിട്ടാണ് ആക്രമിച്ചത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും സിപിഎമ്മും ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ ഹർത്താൽ പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കാപ്പിൽ കളത്തട്ട് ജങ്ഷനിൽവെച്ചു നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിൽ കഴുത്തിനും കൈയ്ക്കും വെട്ടേറ്റു. കഴുത്തിനേറ്റ വെട്ടാണ് മരണത്തിനിടയാക്കിയത്. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടുപേരെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലയാളി സംഘം കൃത്യം നടത്തിയ സ്ഥലത്തേക്ക് മൂന്നു ബൈക്കുകളിലായി എത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇവർ കത്തിയുൾപ്പെടെയുളള ആയുധങ്ങൾ കരുതിയിരുന്നു.
അമ്പാടിയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പുതുപ്പള്ളി പത്തിശേരി കടക്കക്കാവിൽ വേലശേരിൽ സന്തോഷ് ശകുന്തള – ദമ്പതികളുടെ മകനാണ് അമ്പാടി.