കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്ന് താഴെ വീണ് പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വെന്റിലേറ്ററില്‍ നിന്ന് മാറ്റാനുള്ള ശ്രമം തുടരുകയാണ് എന്ന് ഇന്നത്തെ മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ് ഉമ തോമസ്.
ശ്വാസകോശത്തിനേറ്റ ചതവും ക്ഷതവും മൂലം ശ്വാസകോശത്തിന് പുറത്ത് വെളളം കെട്ടുന്ന റിയാക്റ്റീവ് പ്ലൂറല്‍ എഫ്യൂഷന്‍ എന്ന അവസ്ഥ ഉടലെടുത്തിട്ടുണ്ട്. ഇതില്‍ വലിയ ആശങ്ക വേണ്ടതില്ലെങ്കിലും നിരീക്ഷണം തുടരേണ്ടതുണ്ടെന്നും ചികിത്സ വേണ്ടി വരുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. സര്‍ക്കാര്‍ നിയോഗിച്ച ഡോ. ജയകുമാറിന്റെ നേതൃത്വത്തില്‍ കാര്‍ഡിയോവാസ്‌കുലാര്‍, ന്യൂറോളജി, പള്‍മണോളജി വിഭാഗത്തിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം ഇന്ന് ആശുപത്രിയിലെത്തിയിരുന്നു.
റിനൈ മെഡിസിറ്റിയിലെ ചികിത്സാസംഘവുമായി കൂടിക്കാഴ്ച നടത്തിയ വിദഗ്ധ സംഘം ശേഷം ഉമ തോമസിനെ സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്. നിലവിലെ ചികിത്സയിലും രോഗിക്ക് ഉണ്ടായിട്ടുള്ള പുരോഗതിയിലും സംഘം സംതൃപ്തി രേഖപ്പെടുത്തിയെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം റിനൈ മെഡിസിറ്റിയില്‍ എത്തിയത്.
അതേസമയം നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്നും ഉമ തോമസ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. ഉമ തോമസ് വന്ന് ആദ്യം കസേരയില്‍ ഇരിക്കുന്നതും പിന്നാലെ സംഘാടകരില്‍ ഒരാളായ സിജോയ് വര്‍ഗീസ് അടുത്ത കസേരയിലേക്ക് മാറാന്‍ നിര്‍ദേശിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഇതിനായി മാറിയിരിക്കുന്നതിനിടെയാണ് ഉമ തോമസ്താഴേക്ക് വീഴുന്നത്.
സംഘാടനത്തിലെ പിഴവും സ്റ്റേജിലെ സ്ഥലപരിമിതിയും പുറത്തുവന്ന ദൃശ്യങ്ങൡ നിന്ന് തന്നെ വ്യക്തമാണ്. സ്റ്റേജിന്റെ അറ്റത്ത് വരെ നിറയെ കസേരകള്‍ നിരത്തിയിട്ടാണ് വേദിയൊരുക്കിയത്. വിഐപി ഗാലറിയില്‍ നടന്ന് പോകുന്നതിന് മതിയായ സ്ഥലമിടുകയോ കൈവരി സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. മന്ത്രി സജി ചെറിയാന്‍, സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ എന്നിവര്‍ സ്‌റ്റേജിലിരിക്കെയായിരുന്നു അപകടം.
അതിനിടെ പരിപാടിയുടെ മുഖ്യ സംഘാടകരായ മൃദംഗ വിഷന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിരിക്കുകയാണ്. സാമ്പത്തിക സ്രോതസില്‍ ആദായ നികുതി വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.