KeralaNews

അച്ഛന്‍ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ നേതാവായ ആളല്ലേ നിങ്ങള്‍; മുരളീധരനെതിരേ റഹീം

തിരുവനന്തപുരം: കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ കെ. മുരളീധരന്‍ എം.പിക്കെതിരേ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം രംഗത്ത്. നിങ്ങളുടെ മകളാകാന്‍ മാത്രം പ്രായമുള്ള ആര്യയെ നോക്കി ഇങ്ങനെ പറയാന്‍ തോന്നിയ താങ്കളുടെ മാനസികാവസ്ഥ അപാരം തന്നെയെന്നാണ് റഹീം ഫേസ്ബുക്കില്‍ കുറിച്ചത്.

കോണ്‍ഗ്രസിന്റെ അധ്യക്ഷ ഇപ്പോഴും സോണിയ ഗാന്ധി തന്നെയല്ലേ. സൗന്ദര്യം അളക്കുന്ന മാപിനി ഘടിപ്പിച്ച മനസുമായാണോ സോണിയയും പ്രിയങ്കയും മുതല്‍ നാട്ടിലുള്ള സകലരേയും മുരളീധരന്‍ കാണുന്നതും മാര്‍ക്കിടുന്നതും.. ശുദ്ധ അസംബന്ധമാണ് മുരളീധരന്‍ വിളിച്ചു പറഞ്ഞത്. കമ്മിറ്റിക്കിടെ അച്ഛന്‍ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ നേതാവായ ആളല്ലേ നിങ്ങളെന്നും റഹീം വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശുദ്ധ അസംബന്ധമാണ് ഇന്നലെ ശ്രീ കെ മുരളീധരന്‍ വിളമ്പിയത്. നിങ്ങളുടെ മകളാകാന്‍ മാത്രം പ്രായമുള്ള ആര്യയെ നോക്കി ഇങ്ങനെപറയാന്‍ തോന്നിയ താങ്കളുടെ മാനസികാവസ്ഥ അപാരം തന്നെ. ഇങ്ങനെ തരം താഴരുത്. കോണ്‍ഗ്രസ്സിന്റെ അധ്യക്ഷ ഇപ്പോഴും സോണിയ തന്നെയല്ലേ (ആണെന്നാണ് അവര്‍ അവകാശപ്പെടുന്നത്). സൗന്ദര്യം അളക്കുന്ന മാപിനി ഘടിപ്പിച്ച മനസ്സുമായാണോ സോണിയയും പ്രിയങ്കയും മുതല്‍ നാട്ടിലുള്ള സകലരേയും ഇദ്ദേഹം കാണുന്നതും മാര്‍ക്കിടുന്നതും മുരളീധരന്റെ കാഴ്ചയില്‍, കാണാന്‍ സൗന്ദര്യമില്ലാത്ത,കറുത്ത ഉടലുള്ള എല്ലാ പെണ്ണിനോടുമുള്ള വെറുപ്പാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

വെളുപ്പും കറുപ്പുമാണ് സൗന്ദര്യത്തിന്റെ,മനുഷ്യ ബന്ധങ്ങളുടെ അടിസ്ഥാന ഘടകം എന്നാണ് കോണ്‍ഗ്രസ്സ് നേതാവ് വിളിച്ചു പറഞ്ഞത്. ‘കാണാന്‍ കൊള്ളാത്തവര്‍’ അതായത്, കറുത്ത നിറമുള്ളവര്‍ സാധാരണ തെറി പറയുന്നവര്‍ എന്ന് കൂടിയാണ് മുരളീധരന്‍ പറഞ്ഞു വയ്ക്കുന്നത്. മലിനമായ ഇത്തരം മനസ്സുമായി നടക്കുന്നവരാണ് ഇന്നത്തെ കോണ്‍ഗ്രസ്സ് നേതൃത്വം. ശ്രീ രാജ്മോഹന്‍ ഉണ്ണിത്താന് നല്ല നമസ്‌കാരം പറയാന്‍ തോന്നിപ്പോയി. ഉണ്ണിത്താന്‍ അന്ന് പറഞ്ഞപ്പോള്‍ വാക്കുകളില്‍ സ്ത്രീവിരുദ്ധത കടന്നു കൂടിയിരുന്നു എന്നത് ശരിയാണ്.

ആര്‍ക്കെതിരെ അങ്ങനെപറഞ്ഞാലും അതൊന്നും അംഗീകരിക്കാനും ആകില്ല.പക്ഷേ,ശീലിച്ചുപോയ വാക്കും ശൈലിയും ആയിരുന്നെകിലും ശ്രീ ഉണ്ണിത്താന്‍, താനറിഞ്ഞ മുരളീധരന്‍,അറുവഷളനാണ് എന്ന് പറയുകയായിരുന്നു.ആര്യ കടന്നുവന്നത് സമരങ്ങളിലൂടെയും, സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയുമാണ്. സ്വന്തമായി ഇപ്പോഴും ഒരു വീടുപോലുമില്ലാത്ത, ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ജീവിത വഴികളിലൂടെയാണ് ആര്യയുടെ യാത്ര.

ശ്രീ കെ മുരളീധരനെപ്പോലെ,വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചതല്ല. കമ്മിറ്റിക്കിടെ അച്ഛന്‍ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ നേതാവായി വന്നതുമല്ല. അതു കൊണ്ട് ഇങ്ങനെ ആക്രമിച്ചാല്‍ ആര്യ തകര്‍ന്നും പോകില്ല. അവള്‍ തലയുയര്‍ത്തിതന്നെ നില്‍ക്കും.ശ്രീ മുരളീധരനെ നിലയ്ക്ക് നിര്‍ത്താന്‍ പുതിയ ‘സെമികേഡര്‍ പാര്‍ട്ടി’യില്‍ ആരുമില്ലേ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker