KeralaNews

ആംബുലൻസിൽ പൂരപ്പറമ്പിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ പരാതി

തൃശ്ശൂര്‍: പൂരം അലങ്കോലമാക്കിയെന്ന വിവാദത്തിനുപിന്നാലെ സുരേഷ് ഗോപി പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയതിനെച്ചൊല്ലി പരാതിയും. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്ന് കാണിച്ച് അഭിഭാഷകനായ കെ. സന്തോഷ് കുമാറാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും പരാതി നല്‍കി.

തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവെച്ചതിനുപിന്നാലെ പ്രശ്‌നപരിഹാരത്തിന് സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലന്‍സിലാണ് വന്നിറങ്ങിയത്. മറ്റുവാഹനങ്ങള്‍ക്കു പ്രവേശനമില്ലാത്ത മേഖലയിലേക്കാണ് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചത്. ആരോഗ്യപ്രശ്‌നം കാരണമാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് ബി.ജെ.പി. നേതാക്കള്‍ പറയുന്നത്. ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാര്‍ തുടക്കത്തിലേ ആവശ്യപ്പെട്ടിരുന്നു.

റോഡില്‍ മുന്‍ഗണനയും നിയമത്തില്‍ ഇളവും ലഭിക്കുന്ന വാഹനമാണ് ആംബുലന്‍സ്. പരിഷ്‌കരിച്ച മോട്ടോര്‍വെഹിക്കിള്‍ ഡ്രൈവിങ്ങ് റെഗുലേഷന്‍-2017 നിലവില്‍വന്നതോടെ ഇത്തരം വാഹനങ്ങള്‍ക്ക് ഏതെല്ലാം കാര്യങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് നിര്‍വചിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വാഹനങ്ങളില്‍ത്തന്നെ ഏതിനാണ് മുന്‍ഗണനയെന്നും വ്യക്തമാക്കുന്നുണ്ട്.

മനുഷ്യജീവന്‍ രക്ഷിക്കാനും ആരോഗ്യത്തിന് ഗുരുതരമായി ഹാനി സംഭവിക്കുന്നത് തടയുന്നതിനോ, തീ കെടുത്തുന്നതിനോ ആവശ്യമായ സേവനം തടസ്സപ്പെടാതിരിക്കാനുള്ള വാഹനങ്ങള്‍ക്കാണ് പ്രത്യേകം മുന്‍ഗണന. സൈറണ്‍ പ്രവര്‍ത്തിപ്പിച്ചോ ഫ്‌ളാഷ് ലൈറ്റുകള്‍ തെളിയിച്ചോ വരുന്ന വാഹനങ്ങള്‍ക്ക് മാത്രമാണ് മുന്‍ഗണന. ഇത്തരം സാഹചര്യങ്ങളില്‍ അതീവശ്രദ്ധയോടെയും മുന്‍കരുതലോടെയും ചുവപ്പ് സിഗ്‌നലുകള്‍ മറികടക്കാനും വേഗപരിധി ലംഘിക്കാനും റോഡരികിലെ ഷോള്‍ഡറിലൂടെയും വണ്‍വേക്ക് എതിര്‍ദിശയിലൂടെയുമെല്ലാം വാഹനം ഓടിക്കാനും അനുമതിയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker