പശ്ചിമേഷ്യ വീണ്ടും സംഘർഷ ഭൂമി; ലെബനനിൽ കര ആക്രമണത്തിന് ഒരുങ്ങി ഇസ്രായേൽ, മുന്നറിയിപ്പ്
ടെൽ അവീവ്: ഹിസ്ബുള്ളയുടെ നേരിട്ടുള്ള മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി ലെബനനിൽ കര മാർഗം ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇസ്രായേൽ സൈനിക മേധാവി. കഴിഞ്ഞ ദിവസം ടെൽ അവീവിനെ ലക്ഷ്യമിട്ടുള്ളത് ഉൾപ്പെടെ ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണം രൂക്ഷമായതോടെയാണ് ഇസ്രായേൽ നിലപാട് കടുപ്പിക്കുന്നത്. കരമാർഗം നേരിട്ടുള്ള ആക്രമണം ഉണ്ടായാൽ അത് തുറന്ന യുദ്ധത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ.
ഏറ്റവും ഒടുവിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങൾ ലെബനനിലേക്ക് കരമാർഗം കടന്നു കയറാനും ഹിസ്ബുള്ളയെ തകർക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് വടക്കൻ അതിർത്തിയിൽ സൈനികരെ അഭിസംബോധന ചെയ്‌ത് സംസാരിക്കവേ ചീഫ് ഓഫ് സ്‌റ്റാഫ് ലെഫ്. ജനറൽ ഹെർസി ഹലേവി വ്യക്തമാക്കുകയായിരുന്നു.
ടെൽ അവീവിന് നേരെ ഇന്നലെ നടന്ന മിസൈൽ ആക്രമണത്തെ കുറിച്ചും പ്രസംഗത്തിൽ അദ്ദേഹം എടുത്തു പറയുകയുണ്ടായി. ഹിസ്ബുള്ള അവരുടെ ആക്രമണ പരിധി വിപുലീകരിച്ചുവെന്നും അവർക്ക് ശക്തമായ തിരിച്ചടി നൽകാൻ തയ്യാറാവാനും സൈനിക മേധാവി പറഞ്ഞു. ഇതോടെയാണ് മേഖലയിൽ യുദ്ധ സമാന സാഹചര്യം ഉയർന്നുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും തന്നെ കരയിലൂടെയുള്ള നീക്കത്തെ കുറിച്ച് യാതൊരു സൂചനയും ഇസ്രായേൽ സൈന്യം നൽകിയിരുന്നില്ല. ഇപ്പോൾ വന്നിരിക്കുന്ന സൈനിക മേധാവിയുടെ പ്രതികരണം നേരെ മറിച്ചാണ് സൂചന നൽകുന്നത്. കൂടുതൽ സൈനിക യൂണിറ്റുകളെ വടക്കൻ മേഖലയിൽ നിയോഗിക്കാനും അവർ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, തെക്കൻ ഇസ്രായേലി നഗരമായ എലാറ്റിലെ തുറമുഖത്തെ ഒരു കെട്ടിടത്തിൽ ഡ്രോൺ വന്നിടിച്ചിരുന്നു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു, ഇറാഖിലെ ഇറാന്റെ പിന്തുണയുള്ള ഒരു സംഘമാണ് ഇതിന്റെ ഉത്തവാദിത്തം ഏറ്റെടുത്തത്. എന്നാൽ മേഖലയെ ലക്ഷ്യമിട്ടെത്തിയ രണ്ടാമത്തെ ഡ്രോൺ തടഞ്ഞതായാണ് ഇസ്രായേൽ സൈന്യം അറിയിച്ചത്.
ഏതാണ്ട് ഒരു വർഷം മുൻപ് ഇസ്രായേലും ഇറാൻ പിന്തുണയോട് കൂടി പലസ്‌തീനിൽ പ്രവർത്തിക്കുന്ന തീവ്രവാദി ഗ്രൂപ്പായ ഹമാസും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമാണ് ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം കാര്യമായി വർധിച്ചത്. ഗാസയിലെയും ഹമാസിലെയും പലസ്‌തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഹിസ്ബുള്ള വടക്കൻ ഇസ്രായേലിലേക്ക് നിരന്തരം റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും പ്രയോഗിക്കുകയായിരുന്നു.
ഈ നടപടിയെ പലവട്ടം പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്‌ത ഇസ്രായേൽ സൈന്യം കൂടുതൽ കടുത്ത നിലപാടിലേക്ക് കടക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. ലെബനനിലെ രാഷ്ട്രീയവും സായുധപരവുമായി ഏറ്റവും ശക്തരായ സംഘമാണ് ഹിസ്ബുള്ള. ഇറാന്റെ പിന്തുണയോട് കൂടി പ്രവർത്തിക്കുന്ന അവർ അറബ് ലോകത്തെ ഏറ്റവും ശക്തരായ പാരാമിലിട്ടറി സംഘങ്ങളിൽ ഒന്ന് കൂടിയാണ്.