FeaturedHome-bannerInternationalNews

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ തുടര്‍ന്ന് ആളുകള്‍ സുരക്ഷിത സ്ഥാനം തേടി ചിതറിയോടി. സ്‌ഫോടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോ ഡിവൈസുകളും, ലാന്‍ഡ് ലൈനുകളും കൂടാതെ വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളിലും സ്‌ഫോടനം ഉണ്ടായതായി വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു.

വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച് 9 പേരാണ് കൊല്ലപ്പെട്ടത്. മുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച പേജറുകള്‍ പൊട്ടിത്തെറിച്ച് 12 പേര്‍ കൊല്ലപ്പെടുകയും, 2800 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് ബുധനാഴ്ചത്തെ വാക്കി ടോക്കി ആക്രമണം.

എത്ര വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചുവെന്ന് വ്യക്തമായിട്ടില്ല. കിഴക്കന്‍ ലബനനിലെ വിവിധ കേന്ദ്രങ്ങളില്‍ ലാന്‍ഡ് ലൈന്‍ ഫോണുകള്‍ പൊട്ടിത്തറിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. കൈയില്‍ കൊണ്ട് നടക്കാവുന്ന വയര്‍ലസ് റേഡിയോ ഡിവൈസുകളും വാക്കി ടോക്കികളും അഞ്ചുമാസം മുമ്പ് പേജറുകള്‍ വാങ്ങിയ അതേ സമയത്ത് തന്നെയാണ് ഹിസ്ബുല്ല വാങ്ങിയത്.

ബുധനാഴ്ചത്തെ സ്‌ഫോടനങ്ങള്‍ തെക്കന്‍ ലേബനനിലും ബെയ്‌റൂട്ടിന്റെ പ്രാന്ത പ്രദേശങ്ങളിലുമാണ് സംഭവിച്ചത്. സ്‌ഫോടനങ്ങളില്‍ ഒന്ന് ഹിസ്ബുല്ലയുടെ നേതൃത്വത്തില്‍ നടന്ന ശവസംസ്‌കാര ചടങ്ങിന് ഇടയിലായിരുന്നു എന്നും റിപ്പോര്‍ട്ടുംണ്ട്.

ഇന്നു തങ്ങള്‍ ഇസ്രയേലിന്റെ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കി റോക്കറ്റുകള്‍ തൊടുത്തുവിട്ട് തിരിച്ചടിച്ചെന്ന് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയില്‍ യുദ്ധം വ്യാപകമാകുന്നു എന്ന ആശങ്ക ഉയരുകയാണ്.

പേജറുകള്‍ പോലെ തന്നെ വാക്കി ടോക്കികളും ഒരേസമയത്താണ് പൊട്ടിത്തെറിച്ചതെന്ന് ഹിസ്ബുല്ല വക്താക്കള്‍ പറഞ്ഞു. തങ്ങള്‍ ഈ ആക്രമണങ്ങള്‍ക്ക് ശക്തമായി തിരിച്ചടിക്കുമെന്നാണ് ഭീകരഗ്രൂപ്പിന്റെ പ്രഖ്യാപനം.

ഹിസ്ബുല്ലയുടെ ഇലക്രോണിക് ആശയവിനിമയ സംവിധാനങ്ങള്‍ ലക്ഷ്യം വച്ചുള്ള ആക്രമണം ഭീകരഗ്രൂപ്പിനെ തകിടം മറിക്കാന്‍ ഉദ്ദേശിച്ചുള്ള ഇസ്രയേലിന്റെ( മൊസാദിന്റെ) ആസൂത്രിത പദ്ധതിയാണെന്നാണ് സൂചന. ഹിസ്ബുല്ല തീരെ പ്രതീക്ഷിക്കാത്ത സാഹചര്യത്തിലും ഇടത്തിലും തങ്ങള്‍ക്ക് കടന്നുകയറി ആക്രമിക്കാന്‍ കഴിയുമെന്ന് തെളിയിച്ച് ഗ്രൂപ്പിന്റെ ആത്മവിശ്വാസം തകര്‍ത്തുതരിപ്പണമാക്കാനാണ് ലക്ഷ്യമിടുന്നത്.യുദ്ധത്തിന്റെ പുതിയ ഘട്ടമാണ് ഇസ്രയേല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മാസങ്ങള്‍ക്ക് മുമ്പേ തന്നെ ഹിസ്ബുല്ല ഇറക്കുമതി ചെയ്ത പേജറുകളിലും വാക്കി ടോക്കികളിലും സ്‌ഫോടക വസ്തുക്കള്‍ മൊസാദ് ഒളിപ്പിച്ചിരുന്നു എന്നാണ് മുതിര്‍ന്ന ലെബനീസ് സുരക്ഷാ വിദഗ്ധന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞത്.

നേരത്തേ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്ക് പകരം പേജറുകള്‍ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയത് ഹിസ്ബുല്ല തലവനായ ഹസന്‍ നസറുള്ളയാണ്. സ്മാര്‍ട്ട്ഫോണുകള്‍ വഴിയുള്ള സന്ദേശങ്ങളും മറ്റും ഇസ്രയേല്‍ പിടിച്ചെടുക്കുമെന്ന് ഭയന്നിട്ടാണ് നസറുള്ള ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം നല്‍കിയത്.

തുടര്‍ന്ന് അയ്യായിരത്തോളം പേജറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നു. ഈ വിവരം മണത്തറിഞ്ഞ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ ഇടപെടലില്‍ ഈ പേജറുകളില്‍ അതീവ സ്ഫോടനശേഷിയുള്ള 3 ഗ്രാം രാസവസ്തുക്കള്‍ നിറയ്ക്കുന്നു. ഒരു കോഡ് അടക്കം ചെയ്തിട്ടുള്ള പെട്ടിയും ഇതില്‍ അവര്‍ ഒളിച്ചു വെച്ചിരുന്നു. ഒരു തരത്തിലുമുള്ള പരിശോധനകളില്‍ ഇവ കണ്ടെത്താനും കഴിയില്ലായിരുന്നു. മൊസാദ് പ്രത്യേക കോഡ് അയച്ചതോടെ എല്ലാ പേജറുകളിലെയും സ്‌ഫോടക വസ്തുക്കള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഈ പേജറുകളില്‍ മൂന്ന് ഗ്രാം സ്‌ഫോടകവസ്തുവാണ് സൂക്ഷിച്ചതെന്നും മാസങ്ങളോളം ഇത് ഹിസ്ബുല്ലക്ക് കണ്ടെത്താന്‍ സാധിച്ചില്ലെന്നും ലബനനിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. ഒരു തെയ്്വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോ എന്ന സ്ഥാപനത്തിനെയാണ് അവര്‍ ഇതിന്റെ നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ ഗോള്‍ഡ് അപ്പോളോ ഇപ്പോള്‍ പറയുന്നത് തങ്ങള്‍ ഇവ നിര്‍മ്മിക്കുന്നതിനുള്ള ഉപകരാര്‍ ഹംഗറിയിലെ ബുഡാപെസ്റ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബി.എ.സി കണ്‍സള്‍ട്ടിംഗ് എന്ന സ്ഥാപനത്തിന് നല്‍കിയെന്നാണ്.

പേജറിലേക്ക് അലര്‍ട്ട് വന്നപ്പോള്‍ ക്യാന്‍സല്‍ ചെയ്യാന്‍ ബട്ടന്‍ അമര്‍ത്തിയപ്പോഴും സ്ഫോടനം ഉണ്ടായി എന്നാണ് ഹിസ്ബുല്ല ചൂണ്ടിക്കാട്ടുന്നത്. ലബനനുമായി യുദ്ധം ഉണ്ടായാല്‍ മാത്രം പൊട്ടിക്കാന്‍ തയ്യാറാക്കിയിരുന്ന പേജറുകളാണ് പെട്ടെന്ന് തന്നെ സ്ഫോടനം നടത്താന്‍ ഇസ്രയേല്‍ തീരുമാനിച്ചത്. തങ്ങള്‍ പേജറുകളില്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചു എന്ന രഹസ്യം ചോര്‍ന്നതായി സംശയിച്ചതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ പെട്ടെന്ന് തന്നെ സ്ഫോടനം നടത്താന്‍ തീരുമാനിച്ചത്.

ലബനന്‍ സമയം ഉച്ചക്ക് 3.30ന് ആരംഭിച്ച സ്ഫോടന പരമ്പര ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ട് നിന്നു എന്നാണ് അധികൃതര്‍ വെളിപ്പെടുത്തിയത്. ലബനനിലെ ഇറാന്‍ സ്ഥാനപതിക്ക് വരെ സ്ഫോടനത്തില്‍ പരിക്കേറ്റത് അപകടത്തിന്റെ വ്യാപ്തിയാണ് സൂചിപ്പിക്കുന്നത്. ഏറെ മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഇത്തരമൊരു സ്‌ഫോടനം മൊസാദ് നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഹിസ്ബുള്ള ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സംവിധാനം എന്താണെന്ന് അവര്‍ കൃത്യമായി മനസ്സിലാക്കി. അതിന് ശേഷമാണ് ആസൂത്രണങ്ങള്‍ നടത്തിയത്. 2024 മാര്‍ച്ചിനും മെയ്ക്കും ഇടക്കാണ് പേജറുകള്‍ ലെബനനിലെത്തുന്നത്. എപി924 എന്ന മോഡലാണ് പൊട്ടിത്തെറിച്ചതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. സന്ദേശങ്ങള്‍ അയക്കാനും വായിക്കാനും സാധിക്കുന്ന ഈ പേജര്‍ ഉപയോഗിച്ച് ഫോണ്‍ ചെയ്യാനും സാധ്യമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker