KeralaNews

നിവിന്‍ പോളിക്കെതിരെ കളിച്ചത് സിനിമക്കാർ തന്നെ? പരാതി ഉന്നയിച്ച് താരം, അന്വേഷണം വേണം

കൊച്ചി: തനിക്കെതിരായി ഉയർന്ന പീഡന പരാതിയില്‍ കൂടുതല്‍ നിയമപരമായ നടപടികളുമായി നടന്‍ നിവിന്‍ പോളി. പീഡന പരാതി ഉയർന്നതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന സംശയം ഉന്നയിക്കുന്ന നിവിന്‍ പോളി ഇത് സംബന്ധിച്ചും അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെടുന്നത്. തനിക്കെതിരായ നീക്കത്തിന് പിന്നില്‍ സിനിമയില്‍ നിന്നുള്ളവർ തന്നെയാണെന്ന സംശയവും നിവിന്‍ പോളി ഉന്നയിക്കുന്നുണ്ട്.

ക്രൈം ബ്രാഞ്ച് എ ഡി ജി പിക്ക് നൽകിയ പരാതിയിലാണ് നിവിൻ ഗൂഢാലോചനക്കാര്യവും ഉന്നയിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അദ്ദേഹം പരാതി നല്‍കിയത്. അവസരം വാഗ്ദാനം ചെയ്ത് ദുബായിലെ ഫ്ലാറ്റില്‍ വെച്ച് നിവിന്‍ പോളിയും മറ്റ് അഞ്ച് പേരും ചേർന്ന് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നായിരുന്നു പരാതി.

ആരോപണം ഉയർന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നിവിന്‍ പോളി ഇക്കാര്യം നിഷേധിച്ചുകൊണ്ട് വാർത്താ സമ്മേളനം വിളിച്ച് ചേർക്കുകയും ചെയ്തിരുന്നു. പിന്നാലെ അദ്ദേഹം നിയമനടപടി സ്വീകരിക്കുകയും ചെയ്തു. പരാതിയില്‍ ഉന്നയിച്ച ദിവസങ്ങളില്‍ നിവിന്‍ ദുബായിയില്‍ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി വിനീത് ശ്രീനിവാസൻ, നടി പാർവതി കൃഷ്ണ, ഭ​ഗത് മാനുവൽ തുടങ്ങിയവർ രം​ഗത്തെത്തി. അന്നേ ദിവസം 'വർഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് നിവിന്‍ പോളി തിരുവനന്തപുരത്തായിരുന്നുവെന്നാണ് ഇവർ തെളിവ് സഹിതം വ്യക്തമാക്കിയത്.

പരാതിക്കാരി പറയുന്ന ദിവസങ്ങളിൽ വിദേശത്ത് അല്ലായിരുന്നു എന്ന് തെളിയിക്കുന്നതിനായി പാസ്പോർട്ടിന്റെ കോപ്പി അന്വേഷണ സംഘത്തിനും ഡി ജി പിക്കും നിവിന്‍ കൈമാറുകയും ചെയ്തു. 2023 ഡിസംബർ 14, 15 തീയകളിൽ ദുബായിൽ വെച്ച് ലൈം​ഗികാതിക്രമം നടന്നുവെന്നായിരുന്നു പരാതിക്കാരി പറഞ്ഞത്.

ഇതേ ദിവസങ്ങളില്‍ താന്‍ കേരളത്തിലായിരുന്നുവെന്ന് നിവിന്‍ വ്യക്തമാക്കിയതിന് പിന്നാലെ തീയതി ഉറക്കപ്പിച്ചിൽ‌ പറഞ്ഞതാണെന്ന് വ്യക്തമാക്കി പരാതിക്കാരി രംഗത്ത് വന്നു. ' യഥാർത്ഥ തിയതി പൊതു ജനത്തോട് പറഞ്ഞിട്ടില്ല. ഇക്കാര്യം പോലീസിനോട് പ‍റഞ്ഞിട്ടുണ്ട്. ഇന്ന് വന്നത് വരുമാനക്കാര്യവുമായി ബന്ധപ്പെട്ട് ചോദിച്ച് അറിയാനാണ്. കേസിൽ അട്ടിമറി സംശയിക്കുന്നു. അന്വേഷണത്തിലുള്ള വിശ്വാസവും നഷ്ടമായി. രണ്ടാം പ്രതി സുനിൽ ഒളിവിലാണ്. കേസിൽ ഒരു പ്രതീക്ഷയില്ല. ' എന്നും പരാതിക്കാരി വ്യക്തമാക്കി.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ നടിമാരുൾപ്പെടെ നിരവധി പേർ നടന്മാർക്കും സിനിമയിലെ മറ്റ് അണിയറ പ്രവർത്തകർക്കുമെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു നിവിന്‍ പോളിക്കെതിരായ ആരോപണവും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker