കോഴിക്കോട്: വീട് ആക്രമിച്ചതിന് പിന്നിൽ സിപിഎമ്മാണെന്ന് ആരോപിച്ച് ആർഎംപി നേതാവ് കെ എസ് ഹരിഹരൻ. ആക്രമണത്തിന് മുൻപ് വീടിന് സമീപത്ത് കണ്ട കാർ വടകര രജിസ്ട്രേഷനിലുളളതാണെന്നും അദ്ദേഹം പറഞ്ഞു.സിപിഎമ്മല്ലാതെ മറ്റാരും ഇത് ചെയ്യില്ലെന്നും കാർ ഇതിനോടകം കൈമാറി കഴിഞ്ഞിട്ടുണ്ടാകുമെന്നും ഹരിഹരൻ വ്യക്തമാക്കി. ലളിതമായ ഖേദപ്രകടനത്തിൽ ഇത് അവസാനിക്കില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം രാത്രി 8.15നാണ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്.സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടകവസ്തു എറിയുകയായിരുന്നു. സ്ഫോടകവസ്തു വീടിന് ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ വൻ അപകടം ഒഴിവായി. യുഡിഎഫും ആർഎംപിയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ഡിവൈഎഫ്ഐ ഇന്നതെ പരാതി നൽകിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ ഉണ്ടായ അശ്ലീല വിഡിയോ വിവാദത്തെക്കുറിച്ച് പരാമർശിക്കുന്നതിനിടെയായിരുന്നു ഹരിഹരൻ വിവാദ പരാമർശം നടത്തിയത്. ‘സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ കരുതിയത് അവർ ചില സംഗതികൾ നടത്തിയാൽ തീരുമെന്നാണ്. ടീച്ചറുടെ ഒരു അശ്ലീല വീഡിയോ ഉണ്ടാക്കിയെന്നാണ് പരാതി. ആരെങ്കിലും ഉണ്ടാക്കുമോ അത്?’ എന്നുപറഞ്ഞശേഷം മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസിലാക്കാമെന്ന് ഒരു നടിയെ പരാമർശിച്ചുകൊണ്ട് ഹരിഹരൻ പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്.
സ്ത്രീവിരുദ്ധ പരാമർശം വൻചർച്ചയായതോടെ ഹരിഹരൻ തന്റെ ഫേസ്ബുക്ക് പേജിൽ ഖേദം പ്രകടിപ്പിച്ചു. ‘ഇന്ന് വടകരയിൽ നടത്തിയ ഒരു പ്രസംഗത്തിൽ അനുചിതമായ ഒരു പരാമർശം കടന്നുവന്നതായി സുഹൃത്തുക്കളും മാദ്ധ്യമപ്രവർത്തകരും എന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമർശം നടത്തിയതിൽ നിർവ്യാജം ഖേദിക്കുന്നു’ എന്നായിരുന്നു കുറിപ്പ്.