NationalNews

10 ലക്ഷം രൂപയ്ക്ക് പരീക്ഷ എഴുതാനെത്തിയത് എം.ബി.ബി.എസ് വിദ്യാർഥി,പരീക്ഷയില്‍ ആൾമാറാട്ടം;ആറുപേർ കസ്റ്റഡിയിൽ

ജയ്പുര്‍: കഴിഞ്ഞദിവസം നടന്ന നീറ്റ് പരീക്ഷയില്‍ വന്‍ ആള്‍മാറാട്ടം. രാജസ്ഥാനിലെ ഭരത്പുരിലെ പരീക്ഷാകേന്ദ്രത്തിലാണ് യഥാര്‍ഥ പരീക്ഷാര്‍ഥിക്ക് പകരം എം.ബി.ബി.എസ്. വിദ്യാര്‍ഥി പരീക്ഷ എഴുതാനെത്തിയത്. സംഭവത്തില്‍ ഇരുവരെയും പരീക്ഷാത്തട്ടിപ്പില്‍ ഉള്‍പ്പെട്ട മറ്റുനാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഭരത്പുരിലെ നീറ്റ് പരീക്ഷാകേന്ദ്രമായ ‘മാസ്റ്റര്‍ ആദിയേന്ദ്ര സ്‌കൂളി’ല്‍നിന്നാണ് ആള്‍മാറാട്ടം നടത്തിയവരെ പോലീസ് പിടികൂടിയത്. രാഹുല്‍ ഗുര്‍ജാര്‍ എന്ന പരീക്ഷാര്‍ഥിക്ക് പകരം അഭിഷേക് ഗുപ്തയെന്ന എം.ബി.ബി.എസ്. വിദ്യാര്‍ഥിയാണ് നീറ്റ് പരീക്ഷയ്ക്ക് ഹാജരായിരുന്നത്. പരീക്ഷാകേന്ദ്രത്തില്‍ അഭിഷേകിനെ കണ്ട ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നിയതോടെ വിശദമായ പരിശോധന നടത്തുകയും ഇയാളെ പോലീസിന് കൈമാറുകയുമായിരുന്നു.

തന്റെ സഹപാഠിയായ രവി മീണയുടെ നിര്‍ദേശപ്രകാരമാണ് താന്‍ ആള്‍മാറാട്ടം നടത്തിയതെന്നായിരുന്നു അഭിഷേകിന്റെ മൊഴി. ഇതിനായി രാഹുലില്‍നിന്ന് പത്തുലക്ഷം രൂപ രവി മീണ കൈക്കലാക്കിയിട്ടുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തി. കൂട്ടാളികള്‍ പരീക്ഷാകേന്ദ്രത്തിന് പുറത്ത് കാറിലുണ്ടെന്ന് അഭിഷേക് പറഞ്ഞതോടെ പോലീസ് സംഘം മറ്റുള്ളവരെയും കൈയോടെ പിടികൂടുകയായിരുന്നു.

അഭിഷേക് ഗുപ്ത, രാഹുല്‍ ഗുര്‍ജാര്‍, രവി മീണ എന്നിവര്‍ക്ക് പുറമേ അമിത്, ദയാറാം, സുരജ് സിങ് എന്നിവരാണ് കേസില്‍ കസ്റ്റഡിയിലുള്ളത്. ഇവരെയെല്ലാം വിശദമായി ചോദ്യംചെയ്തുവരികയാണെ് എ.എസ്.പി. അക്ലേശ് കുമാര്‍ അറിയിച്ചു.

നീറ്റ് യു.ജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ആരോപണം.പരീക്ഷ നടന്നുകൊണ്ടിരിക്കെയാണ് രാജസ്ഥാനിൽ സമൂഹമാദ്ധ്യമങ്ങളിൽ ചോദ്യപേപ്പർ പ്രത്യക്ഷപ്പെട്ടത്.ഉച്ചയ്ക്ക് 2 മുതൽ 5.20 വരെയായിരുന്നു പരീക്ഷ. വൈകിട്ട് 4.15നാണ് സമൂഹമാദ്ധ്യമത്തിൽ ചോദ്യപേപ്പർ പ്രത്യക്ഷപ്പെട്ടത്. ചോർച്ചയല്ലെന്ന് എൻ.ടി.എ അവകാശപ്പെട്ടു.

രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള മാൻടൗൺ ആദർശ് വിദ്യ മന്ദിർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹിന്ദി മീഡിയം വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറുകൾ മാറി നൽകിയിരുന്നു. ഇൻവിജിലേറ്റർ പിശക് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ചില വിദ്യാർത്ഥികൾ പ്രതിഷേധിച്ച് ചോദ്യപേപ്പറുമായി ഇറങ്ങിപ്പോയെന്നാണ് എൻ.ടി.എ പറയുന്നത്.

ചട്ടപ്രകാരം പരീക്ഷയ്ക്കുശേഷമേ പുറത്തിറങ്ങാൻ അനുവദിക്കൂ. സവായ്‌മധോപൂരിൽ വിദ്യാർത്ഥികൾ ഹാളിന് പുറത്തിറങ്ങി വൈകുന്നേരം 4 മണിയോടെ ചോദ്യപേപ്പർ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയായിരുന്നു. അപ്പോൾ പരീക്ഷ പുരോഗമിക്കുകയായിരുന്നുവെന്നും അതിനാൽ ചോദ്യപേപ്പർ ചോർച്ച നടന്നില്ലെന്നുമാണ് എൻ.ടി.എ വിശദീകരണം.

ഒരു ലക്ഷത്തോളമുള്ള എം.ബി.ബി.എസ് സീറ്റിനായി ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി 24 ലക്ഷത്തിലേറെ പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button