തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലുകളില്‍ അതൃപ്തി അറിയിച്ച് ദേശീയ കൗണ്‍സില്‍ അംഗവും നടനുമായ കൃഷ്ണകുമാര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ട പ്രവര്‍ത്തനം കേരളത്തില്‍ നടക്കുന്നില്ലായെന്ന് കൃഷ്ണകുമാര്‍ ആരോപിച്ചു.
തിരുവനന്തപുരത്ത് ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരെ കാണുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുത്ത പരിപാടിയില്‍ അവഗണിക്കപ്പെട്ടതില്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിനെതിരായ വിമര്‍ശനം.
പാര്‍ട്ടി കലാകാരന്മാര്‍ക്ക് വേണ്ട അംഗീകാരം ലഭിക്കുന്നില്ല. വിശാല ജനസഭയിലേക്ക് തന്നെ ക്ഷണിച്ചിരുന്നില്ല. തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നിരാശയിലാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ജനസഭയില്‍ അവഗണിക്കപ്പെട്ടതിനുള്ള അതൃപ്തി പരസ്യമാക്കിയതോടെ കൃഷണ്കുമാര്‍ ബിജെപി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ദേശീയ കൗണ്‍സില്‍ അംഗമെന്ന നിലയ്ക്ക് കേന്ദ്ര നേതൃത്വത്തെ തന്റെ നിലപാട് അറിയിച്ചിരുന്നുവെന്നും ബിജെപിയോട് താന്‍ പ്രതിജ്ഞാബന്ധനാണെന്നും ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്ത് വരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പൊരുക്കങ്ങളുടെ ആദ്യപടിയായി തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ വിശാല ജനസഭ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ജെ പി നദ്ദ. പരിപാടിയുടെ വേദിയിലേക്ക് കൃഷ്ണകുമാറിനെ സംസ്ഥാന നേതാക്കള്‍ ക്ഷണിച്ചിരുന്നില്ല.
ഒടുവില്‍ കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിച്ചെങ്കിലും നിരസിക്കുകയായിരുന്നു. തുടര്‍ന്ന് പരിപാടി അവസാനിക്കും മുമ്പ് കൃഷ്ണകുമാര്‍ മടങ്ങിപ്പോവുകയായിരുന്നു. സിനിമാ മേഖലയില്‍ നിന്നും അലി അക്ബര്‍, ഭീമന്‍ രഘു, രാജസേനന്‍ എന്നിവര്‍ ബിജെപി വിട്ടതിന് പിന്നാലെയാണ് നടന്‍ കൃഷ്ണകുമാറും പാര്‍ട്ടിയില്‍ അതൃപ്തി പരസ്യമാക്കിയത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന ബിജെപിയില്‍ അനുനയ നീക്കത്തിനുള്ള ശ്രമത്തിലാണ് നേതാക്കള്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ പാര്‍ട്ടിയില്‍ പുനഃസംഘടനയില്ലെന്നാണ് എംടി രമേശ് അറിയിച്ചിരിക്കുന്നത്. കെ സുരേന്ദ്രന്‍ തന്നെ പാര്‍ട്ടിയെ നയിക്കുമെന്നും പ്രവര്‍ത്തകര്‍ പുനഃസംഘടനയെപ്പറ്റി ആവലാതിപ്പെടേണ്ടതില്ലെന്നും എംടി രമേശ് പറഞ്ഞു.