FeaturedHome-bannerKeralaNews

 കാഴ്ച മറച്ചു, കാലിൽ വടം കെട്ടി;കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിലേക്ക്

പാലക്കാട്∙ മയക്കുവെടിയേറ്റ ഒറ്റയാൻ പി.ടി.ഏഴാമനെ ധോണി ഫോറസ്റ്റ് ഓഫിസിലെത്തിക്കും. ആനയെ കയറ്റിയ ലോറി ധോണിയിലേക്ക് പുറപ്പെട്ടു. കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ ലോറിയിൽ കയറ്റിയത്. ആദ്യം ഒരു കുങ്കിയാനയെ കൊണ്ട് തള്ളിക്കയറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് രണ്ട് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റുകയായിരുന്നു. ആനയുടെ കാലുകളില്‍ വടം കെട്ടി. കണ്ണുകള്‍ കറുത്ത തുണി കൊണ്ടു മൂടിയെങ്കിലും പിന്നീട് തുണി നീക്കം ചെയ്തു. മുത്തങ്ങയിൽ നിന്നെത്തിച്ച വിക്രം, ഭരതന്‍, സുരേന്ദ്രൻ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയായിരുന്നു ലോറിയിൽ കയറ്റിയത്.

ധോണിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തിയ കാട്ടാനയെ മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്തു വച്ചാണ് മയക്കുവെടിവച്ചത്. രാവിലെ 7.10നും 7.15നും ഇടയിൽ ഇടതു ചെവിക്കു താഴെ മുൻകാലിന് മുകളിലായാണ് പി.ടി.ഏഴാമന് വെടിയേറ്റത്. ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ അരുൺ സഖറിയ ആണ് 75 അംഗ ദൗത്യസംഘത്തിന് നേതൃത്വം നൽകുന്നത്. ആനയുടെ തുടർചലനങ്ങൾ നിരീക്ഷിച്ചുവരുന്നതായും ദൗത്യം വിജയമെന്ന സൂചനയാണ് ലഭിച്ചതെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. പി.ടി.ഏഴാമനെ മയക്കുവെടിവച്ചതിൽ സന്തോഷം പങ്കുവച്ച നാട്ടുകാർ, നാളുകളായുള്ള ആശങ്കയ്ക്ക് താൽകാലിക പരിഹാരമായെന്ന് പറഞ്ഞു. ചെങ്കുത്തായ മലയിടുക്കിൽ നിലയുറപ്പിച്ചതിനെ തുടർന്ന് പി.ടി.ഏഴാമനെ പിടികൂടാനുള്ള ശ്രമം ഇന്നലെ അവസാനിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ഏഴുമാസമായി പാലക്കാട് ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്നു പി.ടി. ഏഴാമൻ. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് പ്രഭാതസവാരിക്കിറങ്ങിയ പ്രദേശവാസി ശിവരാമനെ കൊലപ്പെടുത്തിയ ആന, നിരവധി കൃഷിയിടങ്ങള്‍ ഇതിനോടകം തകര്‍ത്തു. മയക്കുവെടിവച്ച് ആനയെ പിടികൂടാനുള്ള തീരുമാനം മാസങ്ങള്‍ക്കു മുന്‍പേ എടുത്തിരുന്നെങ്കിലും പിന്നീടു വനംവകുപ്പ് നിലപാട് മാറ്റി. ജനരോഷം ശക്തമായതിനെ തുടര്‍ന്നാണ് വീണ്ടും ആനയെ തളയ്ക്കാന്‍ ദൗത്യസംഘം ഇറങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button