FootballSports

ലോകകപ്പ് ഫൈനല്‍ മത്സരം നിയന്ത്രിക്കുക ഈ റഫറി,ഇതുവരെ മാന്യന്‍

ദോഹ: ഖത്തര്‍ ലോകകപ്പിലെ ഞായറാഴ്ച നടക്കുന്ന അര്‍ജന്‍റീന-ഫ്രാന്‍സ് കലാശപ്പോരാട്ടം നിയന്ത്രിക്കുക പോളിഷ് റഫറി ഷിമന്‍ മാഴ്സിനിയാക്ക്. 41കാരനായ മാഴ്സിനിയാക്ക്, ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന-ഓസ്ട്രേലിയ, ഫ്രാന്‍സ്-ഡെന്മാര്‍ക്ക് മത്സരങ്ങള്‍ നിയന്ത്രിച്ചിരുന്നു.രണ്ട് മത്സരങ്ങളിലായി അഞ്ച് താരങ്ങളെ മഞ്ഞക്കാര്‍ഡ് കാണിച്ചെങ്കിലും, ചുവപ്പുകാര്‍ഡോ പെനാൽറ്റിയോ വിധിച്ചിരുന്നില്ല. ഖത്തറില്‍ വിവാദ തീരുമാനങ്ങള്‍ ഒന്നും എടുക്കാത്തതും മാഴ്സിനിയാക്കിന് നേട്ടമായി. 2018ലെ യുവേഫ സൂപ്പര്‍ കപ്പ് ഫൈനലില്‍ റയല്‍ മാഡ്രിഡ്-അത്‌ലറ്റിക്കോ മാഡ്രിഡ് മത്സരം നിയന്ത്രിച്ചത് മാഴ്സിനി ആണ്.

നോക്കൗട്ട് ഘട്ടത്തിലെ പല മത്സരങ്ങളിലും റഫറിമാര്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നിയന്ത്രിച്ച സ്പാനിഷ് റഫറി അന്‍റോണിയോ മത്തേയു ലാഹോസ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു.

അര്‍ജന്‍റീനിയന്‍ നായകന്‍ ലിയോണല്‍ മെസി തന്നെ റഫറിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ കണ്ട മത്സരമായിരുന്നത്. 18 കാര്‍ഡുകളാണ് ലാഹോസ് പുറത്തെടുത്തത്. ഇരു ടീമിലുമായി 16 കളിക്കാര്‍ക്കും രണ്ട് പരിശീലകര്‍ക്കും ലാഹോസ് കാര്‍ഡ് നല്‍കിയിരുന്നു.

ഇതിന് പിന്നാലെ ക്രൊയേഷ്യ- അര്‍ജന്‍റീന സെമി ഫൈനല്‍ മത്സരം നിയന്ത്രിച്ച ഇറ്റാലിയന്‍ റഫറി ഡാനിയേല ഓര്‍സാറ്റിനെതിരെ ക്രൊയേഷ്യന്‍ പരിശീലകനും ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ചും രംഗത്തെത്തിയിരുന്നു. അര്‍ജന്‍റീനക്ക് അനുകൂലമായി ആദ്യ പെനല്‍റ്റി വിധിച്ചതാണ് കളിയില്‍ നിര്‍ണായകമായതെന്നും അത് തെറ്റായ തീരുമാനമായിരുന്നുവെന്നും മോഡ്രിച്ച് പറഞ്ഞിരുന്നു.

പോര്‍ച്ചുഗല്‍ – മൊറോക്കോ ക്വാര്‍ട്ടര്‍ പോരാട്ടം നിയന്ത്രിച്ച അര്‍ജന്‍റീനിയന്‍ റഫറിക്കെതിരെ പോര്‍ച്ചുഗല്‍ താരങ്ങളായ ബ്രൂണോ ഫെര്‍ണാണ്ടസും പെപ്പെയും രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. ക്വാര്‍ട്ടറിലെ അവസാന മത്സരമായ ഫ്രാന്‍സ് – ഇംഗ്ലണ്ട് പോരാട്ടം നിയന്ത്രിച്ച റഫറിയും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button