ന്യൂഡല്‍ഹി: എല്ലാ ഇന്ത്യക്കാരും അടിയന്തരമായി ഇന്ന് തന്നെ കീവ് വിടണമെന്ന് എംബസിയുടെ നിര്‍ദേശം. കീവിലെ സ്ഥിതി ഗുരുതരമാകുമെന്ന നിഗമനത്തെ തുടര്‍ന്നാണ് നിര്‍ദേശം. പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറാനാണ് അറിയിച്ചിരിക്കുന്നത്. ഏകദേശം 500 ഓളം ഇന്ത്യക്കാര്‍ കീവിലുണ്ടെന്നാണ് സൂചന. ട്രെയിനോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിച്ച് കീവില്‍ നിന്നും മാറണമെന്നാണ് എംബസിയുടെ നിര്‍ദേശം.
യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി രണ്ട് വിമാനങ്ങള്‍ കൂടി ഡല്‍ഹിയിലെത്തി. ഇന്‍ഡിഗോ വിമാനങ്ങളാണ് എത്തിയത്. രണ്ട് വിമാനങ്ങളിലായി 434 ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്. രാജ്യത്ത് ഒന്‍പത് വിമാനങ്ങളിലായി 2,212 പേരെയാണ് ഇതുവരെ തിരികെ കൊണ്ടുവന്നത്.
40 മൈല്‍ ദൂരത്തിലുള്ള റഷ്യന്‍ സൈനിക വാഹന വ്യൂഹം ഉടന്‍ കീവില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കീവിലെ സ്ഥിതി അതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കാര്‍ എത്രയും വേഗം കീവ് വിടണമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ട്രെയിനുകളോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിക്കാനാണ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. കീവിലെ മുസോവയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ആക്രമണമുണ്ടായി.
അതിനിടെ യുക്രൈന്‍ രക്ഷാദൗത്യത്തില്‍ പങ്കാളിയാകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമസേനയോട് ആവശ്യപ്പെട്ടു. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് സി 17 വിമാനങ്ങള്‍ ഉപയോഗിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും, നിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. എത്രയും വേഗം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.പ്രധാനമന്ത്രി നരേന്ദ്രമോദി സ്ലോവാക്യ, റോമേനിയ പ്രധാനമന്ത്രിമാരുമായി സംസാരിച്ചു.
യുക്രൈനില്‍ നിന്നുള്ള ഇന്ത്യാക്കാരുടെ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച ചെയ്തത്. പ്രധാനമന്ത്രി രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചിരുന്നു. യുക്രൈന്‍ ഒഴിപ്പിക്കല്‍ നടപടികള്‍ അടക്കമുള്ള വിഷയങ്ങള്‍ രാഷ്ട്രപതിയെ അറിയിച്ചു. ഇതിനിടെ, രാഷ്ട്രപതി ത്രിരാഷ്ട്ര സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യാക്കാരുടെ ഒഴിപ്പിക്കലിനാണ് ഈ സമയത്ത് പ്രാധാന്യമെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു.