കീവ്:യുക്രെയിനിന്റെ തലസ്ഥാനമായ കീവിൽ നിന്ന് അടക്കം ഇന്ത്യൻ വിദ്യാർഥികളുടെ മടക്ക യാത്ര തുടങ്ങി. കർഫ്യു ഇളവു ചെയ്തതോടെ വിദ്യാർഥികൾ കൂട്ടത്തോടെ ഹോസ്റ്റലുകൾ വിട്ട് സമീപത്തെ റെയിൽവേ സ്റ്റേഷനുകളിലേക്ക് പോവുകയാണ്. പോളണ്ട് അതിർത്തിയിലേക്കാണ് കൂടുതൽ ആളുകളും പോകുന്നത്. ഇന്ത്യൻ എംബസിയിൽ താമസിച്ചിരുന്ന 200ഓളം വിദ്യാർഥികൾ രാവിലെ തന്നെ ട്രെയിനിൽ കയറി. ഇവർ പോളണ്ട് അതിർത്തിയിൽ ഉടൻ എത്തിച്ചേരുമെന്നാണ് വിവരം.
അതേസമയം, ട്രെയിനിൽ കയറാൻ പല ഇന്ത്യക്കാർക്കും തടസം നേരിടുന്നുണ്ടെന്നു വിദ്യാർഥികൾ പറയുന്നു. യുക്രെയ്ൻ പൗരന്മാരെയാണ് ട്രെയിനിൽ ആദ്യം പരിഗണിക്കുന്നത്. പല ട്രെയിനുകൾ കടന്നു പോയിട്ടും ഭൂരിപക്ഷം കുട്ടികളും സ്റ്റേഷനിൽ തന്നെ തുടരുകയാണ്. കീവിലെ റെയിൽവേ സ്റ്റേഷനിൽ 650നു മുകളിൽ ഇന്ത്യൻ കുട്ടികളുണ്ട്. ഇന്ത്യൻ ഹെൽപ് ഡെസ്ക് ലെവീവ് എന്ന സ്ഥലത്ത് ഉണ്ടെന്നാണ് കുട്ടികൾക്ക് ലഭിച്ചിരിക്കുന്ന വിവരം. അവിടെ ഭക്ഷണം ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ലെവീവിൽ നിന്ന് ടാക്സിയിൽ വേണം പോളണ്ടിലേക്ക് പോകാൻ. ഇവിടെ നിന്നാണ് ഓപ്പറേഷൻ ഗംഗ വിമാനങ്ങൾ.
എന്നാൽ, പ്രതീക്ഷയോടെ വന്നവർക്ക് ട്രെയിനിന്റെ അടുത്തു പോലും െചല്ലാൻ കഴിയാത്ത സാഹചര്യമാണ്. ഓരോ ട്രെയിനിലും ഇന്ത്യക്കാരെ ഒഴിവാക്കുകയാണ്. സ്പെഷൽ ട്രെയിൻ ഒരു ദിവസത്തേക്കു മാത്രമാണോ എന്ന സംശയവും ഉണ്ട്. കർഫ്യുവിൽ ഇളവു വരുത്തിയാണ് ഇന്ത്യൻ കുട്ടികളെ ഹോസ്റ്റലിൽ നിന്നു പുറത്തിറക്കിയത്. പലർക്കും ടിക്കറ്റിന് പണം തികയാത്ത പ്രശ്നമുണ്ട്. ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ കയറുന്നവരുമുണ്ട്. കീവിൽ നിന്ന് പോളണ്ട് അതിർത്തിയിലേക്ക് 500 രൂപയിലധികം ചെലവഴിക്കണം. പണം അക്കൗണ്ടിലുണ്ടെങ്കിലും കാർഡ് ഉപയോഗിച്ചു പണം എടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നും വിദ്യാർഥികൾ പറഞ്ഞു.