CrimeKeralaNews

പ്രതിയാക്കിയത് പൊലീസ് തിരക്കഥയെന്ന് റോയി വയലാട്ട്,ഹൃദ്രോഗിയായ തന്നെ പീഡിപ്പിക്കുകയാണെന്നും ഹോട്ടലുടമ

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ (ansi kabeer) അടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ തങ്ങളെ പ്രതിയാക്കിയത് പൊലീസ് തിരക്കഥയെന്ന് റോയി വയലാട്ടും (Roy Vayalatt) ഹോട്ടൽ ജീവനക്കാരും. കാറോടിച്ച റഹ്മാനെ രക്ഷിക്കാനാണ് പൊലീസ് നീക്കം. ഹാർഡ് ഡിസ്ക് നശിപ്പിച്ചതിന് കേസുമായി ബന്ധമില്ല. മജിസ്ട്രേറ്റ്, ആശുപത്രിയിലെത്തി റോയിയുടെ മൊഴിയെടുത്ത ശേഷം ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടാകും.

അപകടത്തിൽ പെട്ടവർ ഹോട്ടലിൽ വെച്ച് സ്വന്തം നിലയിൽ പാർട്ടിക്ക് എത്തിയതാണെന്നും ആരും സമ്മർദ്ദം ചെലുത്തിയിട്ടില്ല എന്നും റോയിക്കു വേണ്ടി അഭിഭാഷകൻ വാദിച്ചു. തൻ്റെ ഹോട്ടലിൽ വെച്ച് ഒരു അനിഷ്ടവും സംഭവിച്ചിട്ടില്ല. ചേസ് ചെയ്ത സൈജു ജാമ്യത്തിലിറങ്ങി. ഹൃദ്രോഗിയായ തന്നെ ഇപ്പോഴും പീഡിപ്പിക്കുകയാണ്. തന്റെ ഹോട്ടലിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണ് അപകടം നടന്നത്. ഹാർഡ് ഡിസ്ക് നശിപ്പിച്ചു എന്ന് സമ്മതിച്ചാൽ പോലും അപകടവുമായി ഇതിന് എന്ത് ബന്ധമാണുള്ളത്. കാർ ഓടിച്ച ഒന്നാം പ്രതി അബ്ദു റഹ്മാനെ സഹായിക്കാനാണ് തങ്ങൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പ്രതികൾ വാദിച്ചു.

സമയപരിധി കഴിഞ്ഞും ഹോട്ടലിൽ മദ്യം വിളമ്പിയെന്ന് പൊലീസ് പറഞ്ഞു. കായലിലേക്ക് ഹാർഡ് ഡിസ്ക് വലിച്ചെറിഞ്ഞ് തെളിഞ്ഞതായും പൊലീസ് കോടതിയെ അറിയിച്ചു.

മാധ്യമങ്ങളും അന്വേഷണ ഉദ്യോഗസ്ഥനും തമ്മിൽ അവിശുദ്ധ ബന്ധമുണ്ട്. ഇതിനായി വാട്സാപ് ഗ്രൂപ്പുണ്ടെന്നും പ്രതികൾ വാദിച്ചു. കാറിലുണ്ടായിരുന്നവരോട് മോശമായി സംസാരിച്ചെന്നും ചേസ് ചെയ്തെന്നും പൊലീസ് പറയുന്നുണ്ട്. ഔഡി ഓടിച്ച സൈജുവിനെ ഇപ്പോഴും പ്രതിയാക്കിയിട്ടില്ല. റഹ്മാൻ അമിതമായി മദ്യപിച്ച് കാറോടിച്ചതായി പൊലീസ് തന്നെ പറയുന്നു. അപകടത്തിന് ഇതാണ് കാരണം. ഇതിലെവിടെയാണ് മറ്റ് പ്രതികൾക്ക് ബന്ധമുള്ളതെന്നും പ്രതികളുടെ അഭിഭാഷകൻ വാ​ദിച്ചു.

മുൻ മിസ് കേരള അൻസി കബീർ (ansi kabeer) അടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ച കേസിൽ ഹോട്ടലിലെ നിശാപാർട്ടിയിൽ പങ്കെടുത്തവരെ ചോദ്യം ചെയ്തു.പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ നടന്നത്.

അപകടം നടന്ന രാത്രിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ റോയിയുടെ നിർദേശപ്രകാരം ജീവനക്കാർ നശിപ്പിച്ചിരുന്നു. അൻസിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഹോട്ടലുടമ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നുണ്ട്. മകളും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു വാഹനം പിന്തുടർന്നത് എന്തിനാണെന്ന് അറിയണമെന്നും പരാതിയിലുണ്ട്.

നവംബർ ഒന്നിന് പുലർച്ചെ ഒരു മണിയോടെ എറണാകുളം ബൈപ്പാസിൽ വൈറ്റിലയ്ക്ക് അടുത്ത് വെച്ചുണ്ടായ അപകടത്തിലാണ് മുൻ മിസ് കേരള അൻസി കബീറും രണ്ട് സുഹൃത്തുക്കളും മരിച്ചത്. ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തിൽ ഇടിച്ച് തകരുകയായിരുന്നു.

അപകടത്തിൽ കാർ പൂർണ്ണമായി തകർന്നുപോയി. അപകട സ്ഥലത്ത് വെച്ച് തന്നെ അൻസി കബീറും, സുഹൃത്ത് അഞ്ജന ഷാജനും മരിച്ചു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖിനേയും അബ്ദുൾ റഹ്മാനേയും ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മുഹമ്മദ് ആഷിക് പിന്നീട് മരിച്ചു. അപകടത്തിൽപെട്ട ബൈക്ക് യാത്രക്കാരന് നിസ്സാര പരുക്ക് മാത്രമാണുണ്ടായത്. അപകടത്തിൽ പ്പെട്ടകാറിനെ ഒരു സംഘം മറ്റൊരു കാറിൽ പിന്തുടരുകയായിരുന്നുവെന്നും മത്സര ഓട്ടത്തിനിടെയാണ് അപകടമുണ്ടായതെന്നും പിന്നീട് പുറത്തുവന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button