FeaturedKeralaNews

കോട്ടയത്തും സിക സ്ഥിരീകരിച്ചു,ഇന്നു രോഗം ബാധിച്ചത് നാലു പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശിനികളായ രണ്ടുപേര്‍ക്കും ഒരു പേട്ട സ്വദേശിനിക്കും തിരുവനന്തപുരത്ത് സിക വൈറസ് പഠനത്തിന് പോയ കോട്ടയം സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തകയ്ക്കുമാണു രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 42 പേര്‍ക്കാണ് സിക സ്ഥിരീകരിച്ചത്. 5 പേരാണ് നിലവില്‍ രോഗികളായുള്ളത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

നേരിയ പനി, ശരീരത്തില്‍ തിണര്‍പ്പ് എന്നിവയാണു സാധാരണ കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍. ചിലരില്‍ കണ്ണുകളില്‍ ചുവപ്പു നിറം, പേശി വേദന, ക്ഷീണം എന്നീ ലക്ഷണങ്ങളും ഉണ്ടാകാം. ലക്ഷണങ്ങള്‍ രണ്ടു മുതല്‍ ഏഴു ദിവസം വരെ നീണ്ടുനില്‍ക്കാം. സ്ത്രീകള്‍ക്കു ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്നു മാസങ്ങളില്‍ സിക വൈറസ് ബാധിച്ചാല്‍ കുഞ്ഞിന് മൈക്രോസെഫാലി എന്ന അവസ്ഥയ്ക്ക് കാരണമായേക്കും.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളാണു സികയ്ക്കും കാരണമാകുന്നത്. അതുകൊണ്ടുതന്നെ രോഗപ്രതിരോധത്തിന് ഉറവിട നിര്‍മാര്‍ജനം അനിവാര്യമാണ്. വീടുകളുടെ സണ്‍ ഷേഡ്, വീട്ടു പരിസരത്ത് ഉപേക്ഷിക്കപ്പെട്ട ചെറിയ പാത്രങ്ങള്‍, ചെടിച്ചട്ടികള്‍, ഫ്രിഡ്ജിനു പിന്നിലെ ട്രേ, ഉപയോഗിക്കാത്ത കക്കൂസുകളിലെ ഫ്‌ലഷ് ടാങ്കുകള്‍, ക്ലോസെറ്റുകള്‍ തുടങ്ങിവയിലൊന്നും വെള്ളം കൂടുതല്‍ ദിവസം കെട്ടിനിന്ന് കൊതുകു പെരുകുന്നില്ലെന്ന് ഉറപ്പാക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button