തിരുവനന്തപുരം: തലസ്ഥാനത്ത് നഗരമദ്ധ്യത്തിൽ നിന്ന് വൻ എംഡിഎംഎ ശേഖരം എക്സൈസ് പിടികൂടി. തമ്പാനൂർ എസ് എസ് കോവിൽ റോഡിൽ പ്രവർത്തിക്കുന്ന ടാറ്റൂ കേന്ദ്രത്തിൽ നിന്നാണ് 78.78 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.
ഇതുമായി ബന്ധപ്പെട്ട് ടാറ്റൂ സ്റ്റുഡിയോ ഉടമ രാജാജി നഗർ സ്വദേശി മജീന്ദ്രൻ, ഇയാളുടെ സഹായി പെരിങ്ങമ്മല സ്വദേശി ഷോൺ അജി എന്നിവരെ പിടികൂടി. മജീന്ദ്രന്റെ വീട്ടിൽ നടത്തിയ പരിശോധനയിലും വൻതോതിൽ രാസലഹരി കണ്ടെടുത്തു. പൊലീസിനെ ആക്രമിച്ചതുൾപ്പടെ നിരവധി കേസിലെ പ്രതിയാണ് ഇയാൾ.
നേരത്തേ മറ്റൊരിടത്ത് ടാറ്റൂ കേന്ദ്രം നടത്തിയിരുന്ന മജീന്ദ്രൻ അടുത്തിടെയാണ് തമ്പാനൂരിലേക്ക് സ്ഥാപനം മാറ്റിയത്. മാനവീയം വിഥിയിലുൾപ്പടെ തലസ്ഥാനത്ത് പലയിടങ്ങളിലും ഇവർക്ക് ഉപഭോക്താക്കളുണ്ടെന്നാണ് എക്സൈസ് സംഘം പറയുന്നത്. പിടിയിലായശേഷവും ഇവരുടെ ഫോണിൽ എംഡിഎംഎ ആവശ്യപ്പെട്ട് നിരവധിപേരുടെ വിളികൾ എത്തിയിരുന്നു. ബംഗളൂരുവിൽ നിന്നാണ് ഇവർ മയക്കുമരുന്ന് സംഘടിപ്പിച്ചിരുന്നത്.
ടാറ്റൂചെയ്യാൻ ഏറെ സമയം വേണ്ടിവരും. ഒപ്പം വേദനയും അനുഭവിക്കണം. ഇതും രണ്ടും ഒഴിവാക്കാനുള്ള ഉപാധി എന്നുപറഞ്ഞാണ് ടാറ്റൂ ചെയ്യാനെത്തുന്നവർക്ക് എംഡിഎംഎ നൽകുന്നത്. അധികം വൈകാതെ തന്നെ ഇവർ രാസലഹരിക്ക് ഇരകളാവും. ഇങ്ങനെ രണ്ടുതരത്തിലുള്ള ബിസിനസാണ് ടാറ്റൂ കേന്ദ്രത്തിലൂടെ നടത്തിയിരുന്നത്. സംസ്ഥാനത്തെ ടാറ്റൂ കേന്ദ്രങ്ങളിൽ പരിശോധന തുടരുമെന്നും എക്സൈസ് അറിയിച്ചു.