ബെംഗളൂരു: 67കാരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് ബെംഗളൂരു പൊലീസ്. മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ കണ്ടെത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് മരണകാരണം പൊലീസ് കണ്ടെത്തിയത്. കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് 67കാരനായ വ്യവസായി മരിച്ചതെന്നും സംഭവം പുറത്തറിയാതാരിക്കാൻ കാമുകിയും ഭർത്താവും സഹോദരനുമാണ് മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ചതെന്നും മറ്റാർക്കും സംഭവത്തിൽ പങ്കില്ലെന്നും പൊലീസ് കണ്ടെത്തി. നവംബർ 16നാണ് ജെപി നഗറിലെ പുട്ടേനഹള്ളി സ്വദേശിയായ ബാലസുബ്രഹ്മണ്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബാലസുബ്രഹ്മണ്യനും 35 കാരിയായ വീട്ടുജോലിക്കാരിയുമായി ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. നവംബർ 16ന് കാമുകിയുടെ വീട്ടിലെത്തി. ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
നവംബർ 16ന് കൊച്ചുമകനെ ബാഡ്മിന്റൺ പരിശീലനത്തിന് വിടാനായി വീട്ടിൽ നിന്ന് പുറപ്പെട്ടു. വൈകുന്നേരം 4.55ന് മരുമകളെ വിളിച്ച് താൻ വരാൻ വൈകുമെന്ന് അറിയിച്ചു. കുറച്ച് ജോലികൾ ചെയ്ത് തീർക്കാനുണ്ടെന്നാണ് ഇയാൾ മരുമകളോട് പറഞ്ഞത്. എന്നാൽ, പിന്നീട് ഇയാളെ കണ്ടില്ല. തുടർന്ന് മകൻ സുബ്രഹ്മണ്യനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ നിലയിൽ പ്ലാസ്റ്റിക് കവറുകളിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കാമുകിയുടെ വീട്ടിൽ പോയതായി കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞാൽ സമൂഹത്തിൽ തന്റെ പ്രതിച്ഛായ മോശമാകുമെന്ന് ഭയന്ന യുവതി ഉടൻ തന്നെ ഭർത്താവിനെയും സഹോദരനെയും വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പിന്നീട് മൂവരും വ്യവസായിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ഒറ്റപ്പെട്ട സ്ഥലത്ത് തള്ളുകയായിരുന്നു. ബാലസുബ്രഹ്മണ്യത്തിന് വേലക്കാരിയുമായി ഏറെ നാളായി ബന്ധമുണ്ടായിരുന്നെന്നും ഇയാൾ ഇടയ്ക്കിടെ ഇവരുടെ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഇയാൾ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
അതേസമയം, പൊലീസ് യുവതിക്കും ഭർത്താവിനും സഹോദരനുമെതിരെ കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചാലേ കാര്യങ്ങളിൽ വ്യക്തത വരൂവെന്നും പൊലീസ് പറഞ്ഞു.