ഷോട്ട്സ് ധരിച്ച് പുറത്തിറങ്ങിയതിന് യുവതികളെ വീട്ടില്‍ കയറി തല്ലി; ആറ് പേര്‍ക്കെതിരെ കേസ്
പൂനെ: ഷോട്ട്സ് ധരിച്ച് പുറത്തിറങ്ങിയതിന്റെ പേരില്‍ പേയിംഗ് ഗസ്റ്റ് ആയ യുവതികളെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചതിന് ആറ് പേര്‍ക്കെതിരെ കേസ്. മുതിര്‍ന്ന സ്ത്രീ ഉള്‍പ്പടെ ഒരു കുടുംബത്തിലെ ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പൂനെയിലെ ഖരാഡിയില്‍ ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അല്‍ക പഠാരെ, സച്ചിന്‍ പഠാരെ, കേതന്‍ പഠാരെ, സീമ പഠാരെ, ശീതള്‍ പഠാരെ, കിരണ്‍ പഠാരെ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരും യുവതികളും തമ്മില്‍ മുമ്പ് ചെറിയ കാര്യങ്ങളുടെ പേരില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. ബുധനാഴ്ച യുവതികള്‍ ഷോട്ട്സ് ധരിച്ച് കറങ്ങി നടക്കുന്നതിനെച്ചൊല്ലി വീണ്ടും വഴക്കുണ്ടായി.
തുടര്‍ന്ന് രാത്രി 10.15ഓടെ ആറംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ ആക്രമിക്കുകയായിരുന്നു. ഇവരെ പ്രതികള്‍ ചെരുപ്പുകള്‍ കൊണ്ട് മര്‍ദിക്കുകയും വീട്ടുടമസ്ഥയായ സ്ത്രീയെ അപമാനിക്കുകയും വീട് തല്ലി തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വീട്ടുടമസ്ഥ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം. ആക്രമണത്തിനിരയായ മൂന്ന് പേരും ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ്.
6 Of Pune Family Accused Of Thrashing Girls For Wearing Shorts, Case Filed https://t.co/oNKZx43odj pic.twitter.com/QX9AtQ84XK
— NDTV News feed (@ndtvfeed) March 5, 2022