KeralaNews

നിയമസഭാ തെരഞ്ഞെടുപ്പ്; സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 59,292 പോലീസുകാര്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. 59,292 പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കി. സംസ്ഥാനത്തെ 481 പോലീസ് സ്റ്റേഷനുകളെ 142 ഇലക്ഷന്‍ സബ്ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

ഈ സംവിധാനം ഞായറാഴ്ച നിലവില്‍ വരും. 24,788 സ്‌പെഷല്‍ പോലീസുകാരടക്കം 59,292 പേരാണ് സുരക്ഷയൊരുക്കുക. ഇവരില്‍ 4405 സബ് ഇന്‍സ്‌പെക്ടര്‍മാരും 784 ഇന്‍സ്‌പെക്ടര്‍മാരും 258 ഡിവൈഎസ്പിമാരും ഉള്‍പ്പെടും. സിവില്‍ പോലീസ് ഓഫീസര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റാങ്കിലുള്ള 34,504 പേരും ഡ്യൂട്ടിക്കുണ്ടാകും. സിഐഎസ്എഫ്, സിആര്‍പിഎഫ്, ബിഎസ്എഫ് എന്നീ കേന്ദ്രസേനാ വിഭാഗങ്ങളില്‍നിന്നുള്ള 140 കമ്പനി സേന കേരളത്തിലുണ്ട്.

അക്രമാസക്തരായ ജനക്കൂട്ടത്തെ നേരിടാന്‍ പ്രത്യേക പരിശീലനം ലഭിച്ച കേന്ദ്ര സേനാംഗങ്ങള്‍ക്ക് ഓട്ടോമാറ്റിക് തോക്കുകള്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത്രയും കേന്ദ്രസേനാവിഭാഗങ്ങള്‍ തെരഞ്ഞെടുപ്പിന് വിന്യസിക്കപ്പെടുന്നത് ആദ്യമായാണ്. പോളിംഗ് ബൂത്തുകളുള്ള 13,830 സ്ഥലങ്ങളെ ബന്ധിപ്പിച്ച് 1694 ഗ്രൂപ്പ് പട്രോള്‍ ടീമുകള്‍ ഉണ്ടാകും. നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ സ്‌പെഷല്‍ ഓപറേഷന്‍ ഗ്രൂപ്പും തണ്ടര്‍ബോള്‍ട്ടും 24 മണിക്കൂറും ജാഗ്രത പുലര്‍ത്തും.

അതിര്‍ത്തി ജില്ലകളിലെ കള്ളക്കടത്ത്, മദ്യക്കടത്ത്, ഗുണ്ടകളുടെ യാത്ര എന്നിവ തടയാന്‍ 152 സ്ഥലങ്ങളില്‍ ബോര്‍ഡര്‍ സീലിംഗ് ഡ്യൂട്ടിക്കായി പോലീസിനെ നിയോഗിച്ചു. പോളിംഗ് ദിവസം ഉള്‍പ്രദേശങ്ങളില്‍ ജനം കൂട്ടംകൂടുന്നതും വോട്ടര്‍മാരെ തടയുന്നതും കണ്ടെത്താന്‍ ഡ്രോണ്‍ സംവിധാനം ഉപയോഗിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button