ന്യൂഡല്‍ഹി: കൊവിഡ് കേസുകളില്‍ അയവ് വന്നതോടെ രാജ്യത്തെ സ്‌കൂളുകള്‍ തുറക്കുന്നതിനെ അനുകൂലിച്ച് 53 ശതമാനം മാതാപിതാക്കള്‍. 44 ശതമാനം മാതാപിതാക്കള്‍ എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. ലോക്കല്‍ സര്‍ക്കിള്‍സ് സംഘടിപ്പിച്ച സര്‍വെയിലാണ് കണ്ടെത്തല്‍.
ജൂണില്‍ നടത്തിയ സര്‍വേയില്‍ 76 ശതമാനം മാതാപിതാക്കള്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ വിടുന്നതില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. 20 ശതമാനം പേര്‍ മാത്രമാണ് സ്‌കൂള്‍ തുറക്കുന്നതിനെ അനുകൂലിച്ച് അന്ന് രംഗത്തെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭരണം, പൊതുജനം, ഉപഭോക്ത്യ താല്‍പര്യം തുടങ്ങിയ വിഷയങ്ങളില്‍ പോളിങ് നടത്തുന്ന പ്ലാറ്റ്‌ഫോമാണ് ലോക്കല്‍ സര്‍ക്കിള്‍സ്. രാജ്യത്തെ 378 ജില്ലകളില്‍ 24,000 മാതാപിതാക്കളില്‍നിന്ന് ലഭിച്ച 47,000 പ്രതികരണങ്ങളില്‍നിന്നാണ് നിഗമനത്തിലെത്തിയത്. ഇതില്‍ 66 ശതമാനം പുരുഷന്‍മാരും 34 ശതമാനം സ്ത്രീകളുമാണ്.
സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും പ്രദേശിക ഭരണകൂടം മുന്‍കൈയെടുത്ത് വാക്‌സിന്‍ നല്‍കണമെന്നാണ് ആവശ്യം. സ്‌കൂളുകളില്‍ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നിരന്തരം റാപ്പിഡ് ആന്റിജന്‍ പരിശോധന സംഘടിപ്പിക്കണമെന്ന് 74 ശതമാനം മാതാപിതാക്കളും ആവശ്യപ്പെട്ടു. ‘വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും തലവേദന, മണവും രുചിയും നഷ്ടപ്പെടല്‍, ചുമ, ശരീരവേദന, തൊണ്ടവേദന, പനി, വയറിളക്കം, ശ്വാസതടസം തുടങ്ങിയവ അനുഭവപ്പെട്ടാല്‍ ഉടന്‍ ആന്റിജന്‍ പരിശോധന നടത്തണം’ -സര്‍വേയില്‍ പറയുന്നു.
രാജ്യത്തെ കോവിഡ് കേസുകള്‍ കുറഞ്ഞതോടെ നിരവധി സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യത ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളും ഫലപ്രദമായിരുന്നില്ല. ഒഡീഷ, കര്‍ണാടക, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ലോക്ഡൗണിന് ശേഷം സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിച്ചത്.