KeralaNews

ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് 505 കോടി രൂപയുടെ കിഫ്ബി അനുമതി

തിരുവന്തപുരം: സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍ക്കായി 505.55 കോടി രൂപയുടെ കിഫ്ബി അനുമതി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോട്ടയം മെഡിക്കല്‍ കോളജ് 268 കോടി, താലൂക്ക് ആശുപത്രി അടിമാലി 12.54 കോടി, കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് 31.7 കോടി, കോഴഞ്ചേരി ജില്ലാ ആശുപത്രി 30.35, കോന്നി മെഡിക്കല്‍ കോളജ് 18.72 കോടി, റാന്നി താലൂക്ക് ആശുപത്രി 15.60 കോടി, അടൂര്‍ ജനറല്‍ ആശുപത്രി 14.64 കോടി എന്നീ ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുകയനുവദിച്ചത്. കണ്ണൂര്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന് 114 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുകയനുവദിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിവിധ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്കായാണ് ഈ ബ്ലോക്ക് സജ്ജമാക്കുന്നത്. 8 നിലകളിലായി 27,374 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ളതാണ് കെട്ടിടം. 362 കിടക്കകള്‍, 11 ഓപ്പറേഷന്‍ തീയറ്ററുകള്‍, 60 ഐസിയു കിടക്കകള്‍ എന്നിവയും ഈ കെട്ടിടത്തിലുണ്ടാകും. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടക്കുന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ ഈ ബ്ലോക്ക് വരുന്നതോടെ വലിയ സൗകര്യങ്ങള്‍ ലഭ്യമാകുന്നതാണ്.

കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് ആശുപത്രി പൂര്‍ത്തിയാക്കുന്നതിനാണ് 31.7 കോടി രൂപ അനുവദിച്ചത്. ആശുപത്രി പൂര്‍ത്തിയാക്കുന്നതിന് ഈ തുക ആവശ്യമായതിനാല്‍ മന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നാണ് നടപടികള്‍ സ്വീകരിച്ചത്. തുക ലഭ്യമായാല്‍ നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button