കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ വിചാരണ ഇന്നു തുടങ്ങും. കൊല്ലം പോക്‌സോ കോടതിയിലാണ് വിചാരണ. വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരെയാണ് ഇന്ന് വിസ്തരിക്കുക. ഉത്ര വധക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന മോഹന്‍ രാജ് തന്നെയാണ് വിസ്മയ കേസിലും പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്നത്.
വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം പറയുന്നത്. ആത്മഹത്യ പ്രേരണയടക്കം 9 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റുപത്രം നല്‍കിയിരിക്കുന്നത്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 102 സാക്ഷികളുണ്ട്, 92 റെക്കോര്‍ഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറല്‍ എസ് പി കെ ബി രവി നേരത്തെ പറഞ്ഞിരുന്നു.
കേസിലെ പ്രതിയും ഭര്‍ത്താവുമായ എസ് കിരണ്‍ കുമാറിന്റെ പോരുവഴി ശാസ്താംനടയിലെ വീട്ടില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നു പുലര്‍ച്ചെയാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡന മരണം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകളാണു അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍ കുമാറിനെതിരെ ചുമത്തിയത്.
സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും വിസ്മയ അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ തന്നെയാണ് കുറ്റപത്രത്തില്‍ കിരണിന് എതിരായ മുഖ്യ തെളിവ് ആവുക. വിസ്മയ കടുത്ത മാനസ്സിക പീഡനത്തിന് ഇരയായിരുന്നു എന്നതിനുള്ള സാഹചര്യ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസിനെ തുടര്‍ന്ന് കിരണ്‍കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു.