കൊച്ചി: കിറ്റക്സ് പരിസരത്തെ അതിഥി തൊഴിലാളികളുടെ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് 50 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അക്രമത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നും എസ്പി കെ. കാര്‍ത്തിക് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് നൂറിലേറെ പേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലള്ളത്. അറസ്റ്റ് ചെയ്തവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം, സംഭവത്തില്‍ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിഐ ഉള്‍പ്പടെയുള്ളവരെ ആക്രമിച്ചതിന് വധശ്രമ കേസും പൊതുമുതല്‍ നശിപ്പിക്കല്‍ കേസുമാണ് എടുത്തിരിക്കുന്നത്.
ക്രിസ്മസ് കരോള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. തൊഴിലാളികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പോലീസ് സ്ഥലത്തെത്തി. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടതോടെയാണ് ഇവര്‍ പോലീസിന് നേരെ തിരിഞ്ഞത്. അക്രമസക്തരായ അതിഥിത്തൊഴിലാളികള്‍ രണ്ടു പോലീസ് ജീപ്പുകള്‍ കത്തിച്ചു. കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
അതേസമയം സംഘര്‍ഷം ഗൗരവമായി പരിശോധിക്കാനൊരുങ്ങുകയാണ് കേന്ദ്ര എജന്‍സികളും. കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ സഹായം കൂടി തേടിയാകും അന്വേഷണം.
കലാപം ഉണ്ടാക്കാന്‍ ആസൂത്രിതമായി നടന്ന നീക്കം ആണോ എന്നതടക്കം പരിശോധിക്കും. അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ കഴിയുന്ന മേഖലയില്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളുടെ സ്വാധീനം വര്‍ധിക്കുന്നതായാണ് വിലയിരുത്തല്‍.