KeralaNews

പൊറോട്ട തൊണ്ടയില്‍ കുടുങ്ങി 45കാരന് ദാരുണാന്ത്യം

കൊല്ലം: പൊറോട്ട തൊണ്ടയില്‍ കുടുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ഓച്ചിറ ക്ലാപ്പന വരവിള മൂര്‍ത്തിയേടത്ത് തെക്കതില്‍ ഹരീഷ് (45) ആണ് മരിച്ചത്. ശ്വാസനാളത്തില്‍ പൊറോട്ട കുടുങ്ങിയതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി 9ന് ഹരീഷ് വരവിള ഗവ:എല്‍പി സ്‌കൂളില്‍ സമീപത്തെ ബന്ധു വീട്ടിലെത്തി ഹോട്ടലില്‍നിന്നു വാങ്ങിയ പൊറോട്ട കഴിച്ചത്. രണ്ടാമത്തെ പൊറോട്ട പകുതി കഴിക്കുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഇന്നലെ വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഓച്ചിറ പോലീസ് കേസെടുത്തു.

അതേസമയം മറ്റൊരു സംഭവത്തില്‍ ഇഡ്ഡലി തട്ടില്‍ വിരല്‍ കുടുങ്ങിയ രണ്ട് വയസുകാരനെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷിച്ചു. നെയ്യാറ്റിന്‍കര ആശുപത്രി ജംഗ്ഷനു സമീപം തിരുവാതിരയില്‍ അരവിന്ദന്റെ മകന്‍ ഗൗതം നാരായണന്റെ വലത് കൈയുടെ ചൂണ്ടു വിരലിലാണ് കളിക്കുന്നതിനിടെ ഇഡ്ഡലി തട്ടില്‍ കുടുങ്ങിയത്. എണ്ണ, സോപ്പ് തുടങ്ങി പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചിട്ടും രക്ഷയില്ലാതെ വന്നപ്പോഴാണ് രാത്രി പതിനൊന്നരയോടെ ഫയര്‍ ഫോഴ്‌സിന്റെ സഹായം തേടിയത്.

ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് സംഘം എത്തി. ജീവനക്കാര്‍ ഒരു മണിക്കൂറോളം പണിപ്പെട്ടാണ് ഇഡ്ഡലിത്തട്ട് വിരലില്‍ നിന്ന് നീക്കം ചെയ്തത്. രണ്ട് വയസുകാരന്‍ പലപ്പോഴും കരച്ചിലിന്റെ വക്കോളം എത്തിയെങ്കിലും ഫയര്‍ ഫോഴ്‌സ് ജീവനക്കാരുടെ ലാളനയ്ക്കു മുന്നില്‍ ശ്രദ്ധ മാറി. സീനിയര്‍ ഫയര്‍ ഓഫീസര്‍ വിനു ജസ്റ്റിന്റെ നേതൃത്വത്തില്‍ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button