ആലത്തൂര്‍: രണ്ടുദിവസം മുന്‍പ് ആലത്തൂരില്‍ നിന്നു കാണാതായ ഇരട്ട സഹോദരിമാര്‍ ഉള്‍പ്പെടെ നാല് വിദ്യാര്‍ഥികളെ ഇനിയും കണ്ടെത്തിയില്ല. ആലത്തൂരിലെ എയ്ഡഡ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് നാല് പേരും. ബുധനാഴ്ച പകല്‍ രണ്ട് മണിക്കു ശേഷമാണ് കുട്ടികളെ കാണാതായത്.
ഇരട്ട സഹോദരിമാരെ കാണാതായതായി രക്ഷിതാവ് ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്ഇവര്‍ക്കൊപ്പം മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ കൂടി ഉണ്ടെന്ന് മനസിലായത്. അന്നേദിവസം ഇവരെ പാലക്കാട് നഗരത്തിലെ സി.സി.ടിവി ദൃശ്യങ്ങളില്‍ കണ്ടതായി പോലീസ് സ്ഥിരീകരിച്ചു.
കാണാതായ ആണ്‍കുട്ടികളില്‍ ഒരാളുടെ കൈയില്‍ മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉള്ളത്. എന്നാല്‍ കാണാതായ അന്ന് വൈകുന്നേരം മുതല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ആലത്തൂര്‍ ഡിവൈ.എസ്.പി. കെ.എം. ദേവസ്യ, ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരി, എസ്.ഐ എം.ആര്‍. അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങള്‍, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഗോപാലപുരം ചെക്ക്പോസ്റ്റ് വഴി ഇവര്‍ അതിര്‍ത്തി കടന്നതായി സംശയമുണ്ട്. ചെക്ക്പോസ്റ്റിലെ സി.സി.ടിവി ദൃശ്യങ്ങളില്‍ ഇവരുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
കാണാതാവുമ്പോള്‍ പെണ്‍കുട്ടികള്‍ ജീന്‍സും ടീ ഷര്‍ട്ടും ആണ് ധരിച്ചിരിക്കുന്നത്. ആണ്‍കുട്ടികളുടെ വേഷം ഷര്‍ട്ടും ജീന്‍സും ആണ്. ഒരാള്‍ ഇളം പച്ച ഷര്‍ട്ടും രണ്ടാമത്തെയാള്‍ ഡിസൈനോടു കൂടിയ പച്ച ഷര്‍ട്ടുമാണ് ധരിച്ചിട്ടുള്ളത്.