കോഴിക്കോട്: കോഴിക്കോട്ടെ നിപ ബാധിത മേഖലകൾ കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം. അതേസമയം, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നിപയുടെ പശ്ചാത്തലത്തിൽ ഇന്ന്മ ന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരും. രാവിലെ പത്തിന് നടക്കുന്ന യോഗത്തിൽ വീണാ ജോർജ്, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, എ.കെ ശശീന്ദ്രൻ എന്നിവർ സ്ഥിതിഗതികള്‍ വിലയിരുത്തും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ എന്നിവരും പങ്കെടുക്കും.
11 മണിക്ക് പ്രശ്ന ബാധിത പഞ്ചായത്തുകളിലെ പ്രതിനിധികളുമായി മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ അവലോകനയോഗവും ചേരും. 30 പേരുടെ സ്രവം കൂടി പരിശോധനക്കയച്ചു. കോഴിക്കോട് തുടരുന്ന കേന്ദ്രസംഘം ഇന്ന് രോഗ ബാധിത പ്രദേശങ്ങള്‍ സന്ദശിച്ചേക്കും. RGCBയുടെ മൊബൈൽ സംഘവും ഇന്ന് കോഴിക്കോടെത്തും.
നിപ സാന്നിധ്യത്തെ തുടർന്ന് പരിശോധനയ്ക്ക് അയച്ച 11 സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ടാണ് പരിശോധനാ ഫലം വന്നത്. അതേസമയം ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകള്‍ ഇന്ന് നിപ പരിശോധനക്കായി അയച്ചിട്ടുണ്ട്. നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പോലീസ് സഹായം തേടാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്.
രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്ലാന്‍ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പാക്കാൻ കെഎംഎസ്‌സിഎല്ലിനോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.