മലയാളികള്‍ ഉള്‍പ്പെടെയുള്ള ഐ.എസ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ പദ്ധതിയിടുന്നു! സംഘത്തില്‍ 25 പേര്‍; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: മലയാളികള്‍ ഉള്‍പ്പെടെയുള്ള ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പദ്ധതിയിടുന്നതായി മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. 25 ഭീകരരുടെ സംഘമാണ് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതെന്നാണ് കേന്ദ്രം പറയുന്നത്. അതിനാല്‍ തന്നെ രാജ്യത്ത് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം.
ഈ അടുത്താണ് ഐ.എസ് തീവ്രവാദികള്‍ മോചിതരായത്. ഇതില്‍ കാസര്‍ഗോഡ് സ്വദേശിയായ മലയാളിയുള്‍പ്പെടുന്നുണ്ട്. താലിബാന്‍ ഇവരെ മോചിപ്പിച്ചുവെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അതേസമയം കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കണമെന്നും ഒപ്പം രാജ്യത്ത് ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരണം എന്നീ നിര്‍ദേശങ്ങള്‍ ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ താലിബാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സിഖ് വംശജര്‍ക്ക് ഇന്ത്യയില്‍ തീര്‍ത്ഥാടനത്തിന് എത്താനുള്ള അനുമതി നല്‍കണമെന്നും താലിബാന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.