വൻ ഭൂചലനം; മ്യാൻമാറിൽ 20 മരണം, തായ്‌ലൻഡിൽ രണ്ട്

നേപ്യിഡോ: ഭൂചലനത്തില്‍ മ്യാന്‍മാറില്‍ 20 പേരും തായ്‌ലന്‍ഡില്‍ രണ്ട് പേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50-നാണ് മധ്യ മ്യാന്‍മറില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും 6.8 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായത്. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റര്‍ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
മണ്ടാലെ നഗരത്തിലെ ഒരു പള്ളി ആളുകള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ തകര്‍ന്നുവീണതായും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും മരിച്ചവരുടെ എണ്ണം ഉയര്‍ന്നേക്കുമെന്നുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മ്യാന്‍മര്‍ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ മ്യാന്‍മര്‍ തലസ്ഥാനമായ നേപ്യിഡോവിലെ 1000 കിടക്കകളുള്ള ഒരു ആശുപത്രിയില്‍ വലിയ തോതിലുള്ള ആള്‍നാശം ഉണ്ടായേക്കാമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമില്ല. ഇത് നഗരത്തിലെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നാണെന്നാണ് എഎഫ്പി റിപ്പോര്‍ട്ട്.