മധ്യപ്രദേശിൽ 12-കാരിയെ ബലാത്സംഗംചെയ്ത സംഭവം: പ്രതി പിടിയിൽ; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമം
ഭോപ്പാല്‍: മധ്യപ്രദേശില്‍ 12 വയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി പിടിയിൽ. ഭരത് സോണി എന്നയാളാണ് പിടിയിലായത്. അറസ്റ്റിനു പിന്നാലെ പോലീസ് കസ്റ്റഡിയില്‍ നിന്ന് ഇയാൾ രക്ഷപ്പെടാന്‍ ശ്രമിച്ചു. തെളിവെടുപ്പിനിടെയാണ് പ്രതി രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്. രക്ഷപ്പെട്ടോടിയ പ്രതിയെ പോലീസ് സംഘം പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തി. ഓട്ടത്തിനിടയില്‍ ഇയാളുടെ കൈകള്‍ക്കും കാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
മധ്യപ്രദേശിലെ സത്‌നാ ജില്ലയില്‍നിന്നുള്ള കുട്ടിയാണ് ബലാത്സംഗത്തിനിരയായ 12 വയസ്സുകാരി. മുത്തച്ഛനും മൂത്തസഹോദരനും ഒപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി ഞായറാഴ്ചയാണ് വീട്ടില്‍നിന്ന് പോയത്. തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു.
പെൺകുട്ടിയെ ആരും സഹായിച്ചില്ലെന്ന റിപ്പോര്‍ട്ടുകളോട് ജില്ലാ പോലീസ് മേധാവി സച്ചിൻ ശർമ വിയോജിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ പലരും പണംനല്‍കി സഹായിച്ചെന്നും തങ്ങള്‍ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ കൈയില്‍ 120 രൂപയുണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് ഉജ്ജൈനിലെ ബദ്നഗര്‍ റോഡില്‍ ചോരയൊലിക്കുന്നനിലയില്‍ 12 വയസ്സുകാരിയെ കണ്ടെത്തിയത്. അര്‍ധനഗ്‌നയായനിലയില്‍ തെരുവിലൂടെ നടക്കുന്ന പെണ്‍കുട്ടി വീടുകള്‍തോറും കയറി സഹായം അഭ്യര്‍ഥിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
എന്നാല്‍, പലരും കുട്ടിയെ ആട്ടിപ്പായിക്കുകയാണ് ചെയ്തത്. ഒടുവില്‍, ഒരു ആശ്രമത്തിലെത്തിയ പെണ്‍കുട്ടിയെ ഇവിടെയുണ്ടായിരുന്ന പുരോഹിതനാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിക്കുകയായിരുന്നു.