മുംബൈ:തിയേറ്ററിലും പിന്നീട് ഓടിടിയിലും പ്രേക്ഷകരുടെ ഹൃദയം നിറച്ച ചിത്രമാണ് വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ’12ത് ഫെയിൽ’. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി അനുരാഗ് പഥക്ക് എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം. ഐഎംഡിബിയിൽ ഏറ്റവും കൂടുതൽ റേറ്റിങ് ലഭിച്ച ഇന്ത്യൻ ചിത്രമെന്ന നേട്ടവും ഇനി 12ത് ഫെയിലിന് സ്വന്തമാണ്.
ഏറ്റവും മികച്ച 250 ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ചിത്രം. പത്തിൽ 9.2 ആണ് ലഭിച്ചിരിക്കുന്ന റേറ്റിങ്. 1993ലെ അനിമേറ്റഡ് ചിത്രം ‘രാമായണ: ദി ലെജൻ്റ് ഓഫ് പ്രിൻസ് രാമ’, മണിരത്നം ചിത്രം ‘നായകൻ’, ഹൃഷികേശ് മുഖർജിയുടെ ‘ഗോൾ മാൽ’, ‘റോക്കട്രി: ദി നമ്പി ഇഫക്‌റ്റ്’ എന്നിവയാണ് ആദ്യ അഞ്ചിൽ ഇടംപിടിച്ച മറ്റ് സിനിമകൾ.
12-ാം ക്ലാസ് പരാജയപ്പെട്ടിട്ടും കഠിന പ്രയത്നത്തിലൂടെ യുപിഎസ്‌സി പരീക്ഷ വിജയിച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് കുമാർ ശർമയുടെ ജീവിതകഥയാണ് 12ത് ഫെയിൽ. ജീവിതത്തിലും സിനിമയിലും മറ്റൊരു പ്രധാന കഥാപാത്രമായി മനോജ് ശർമ്മയുടെ പങ്കാളിയും സിവിൽ സർവീസ് ഉദ്യോഗസ്ഥയുമായ ശ്രദ്ധാ ജോഷിയുമുണ്ട്.
വിക്രാന്ത് മാസിയാണ് മനോജ് കുമാർ ആയി സിനിമയിൽ എത്തിയത്. മേധാ ഷങ്കർ ശ്രദ്ധാ ജോഷിയെ അവതരിപ്പിച്ചു. അനന്ത് വി ജോഷി, അൻഷുമാൻ പുഷ്കർ, പ്രിയാൻഷു ചാറ്റർജി തുടങ്ങിയവരായിരുന്നു മറ്റുപ്രധാനവേഷങ്ങളിൽ. ചിത്രം ബോക്സ് ഓഫീസിലും വിജയം കൊയ്തു.