കോയമ്പത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവാഹം കഴിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ച 19 കാരി അറസ്റ്റിലായി. പൊള്ളാച്ചിയിലാണ് സംഭവം. പതിനൊന്നാം ക്ലാസ് പൂര്‍ത്തിയാക്കിയ യുവതി അയല്‍പക്കത്ത് താമസിക്കുന്ന 17 വയസുള്ള ആണ്‍കുട്ടിയുമായി പ്രണയത്തിലാകുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഓഗസ്റ്റ് 26 ന് ഇരുവരും പഴനിയില്‍ പോയി വിവാഹിതരായി. പിറ്റേന്ന് കോയമ്പത്തൂരിലേക്ക് മടങ്ങുന്നതിനിടെ സെമ്മേട് എന്ന സ്ഥലത്ത് ലോഡ്ജില്‍ മുറിയെടുക്കുകയും യുവതി ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പീഡനത്തിന് ശേഷം ആണ്‍കുട്ടിക്ക് അടിവയറ്റില്‍ കഠിനമായുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് യുവതി കുട്ടിയെ ചികിത്സയ്ക്കായി പൊള്ളാച്ചിയിലേക്ക് കൊണ്ടുവന്നു.
തുടര്‍ന്ന് ഇരുവരുടെയും വീട്ടുകാര്‍ ഇടപെട്ടു. ഇരുവരെയും ബന്ധം വേര്‍പെടുത്തിയ ശേഷം ആണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് പൊള്ളാച്ചി ഇന്‍സ്‌പെക്ടര്‍ ആര്‍ കോപ്പെരുന്ധേവി പറഞ്ഞു. ഐപിസി സെക്ഷന്‍ 366, പോക്‌സോ നിയമത്തിലെ 6 (5) എന്നിവ പ്രകാരം പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്.
എന്നാല്‍ കേസ് കുഴപ്പം പിടിച്ചതാണെന്ന് നിയമ വിദഗ്ധര്‍ പറഞ്ഞു. കേസില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്നാണ് അവരുടെ പക്ഷം. ”ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയാല്‍ മാത്രമേ ഐപിസി സെക്ഷന്‍ 366 ബാധകമാകൂ. അതുപോലെ പോക്സോ നിയമത്തിലെ 5 (l), 6 എന്നീ രണ്ട് വകുപ്പുകളും സ്ത്രീകള്‍ക്കെതിരെ ബാധകമല്ലെന്നുമാണ് മുതിര്‍ന്ന അഭിഭാഷകരുടെ അഭിപ്രായം.