ഇറാൻ ഇസ്രായേലിലേക്ക് തൊടുത്തത് 180ലധികം ഹൈപ്പര്‍സോണിക് മിസൈലുകള്‍; അപ്രക്ഷിത ആക്രമണത്തിൻ്റെ ഞെട്ടലിൽ മലയാളികള്‍
ടെല്‍ അവീവ്: ഇസ്രായേലിനെതിരെ ഇറാൻ തൊടുത്ത് വിട്ടത് 180ലധികം ഹൈപ്പര്‍സോണിക് മിസൈലുകള്‍. മിസൈല്‍ ആക്രമണം അപ്രതീക്ഷതിമാണെന്നും എല്ലാവരും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയെന്നും ഇസ്രായേലിലെ മലയാളികള്‍ പറഞ്ഞു.
ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കാനും വെടിവെച്ച് വീഴ്ത്താനും പ്രസിഡന്റ് ജോ ബൈഡൻ അമേരിക്കൻ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ഷെല്‍ട്ടറുകളിൽ അഭയം തേടിയിരിക്കുകയാണ് ഇസ്രായേലി പൗരന്മാരും മറ്റു രാജ്യങ്ങളിലെ പൗരന്മാരും. ഇസ്രായേലിലെ മലയാളികളും ഷെല്‍ട്ടറുകളിലേക്ക് മാറിയിട്ടുണ്ട്.
ആക്രമണത്തിൽ ഇസ്രയേലിന്റെ എയര്‍ബേസ് തകര്‍ത്തതായി ഇറാൻ അവകാശപ്പെട്ടു. മിസൈല്‍ ആക്രമണത്തിൽ ആളപായമുണ്ടായിട്ടില്ലെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കിയിരിക്കുന്നത്. 180ലധികം മിസൈലുകളാണ് തൊടുത്തത് എന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തിൽ 100ലധികം മിസൈലുകള്‍ തൊടുത്തുവെന്നാണ് പുറത്തുവന്നിരുന്ന പ്രാഥമിക വിവരം. എന്നാൽ 180ലധികം മിസൈലുകളാണ് തൊടുത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജെറുസലേമിന് നിന്ന് തിരികെ വരുമ്പോൾ ആണ് ആക്രമണമെന്ന് മലയാളിയായ റീന പറഞ്ഞു. വല്ലാത്തൊരു ഭീകരാന്തരീക്ഷമായിരുന്നു. ഇനി ജീവനോടെ ഉണ്ടാകുമോയെന്ന് ഭയന്നുപോയി. എല്ലാവരും ആശങ്കയിലാണ്. അപ്രതീക്ഷിതമായ ആക്രമണമാണ് ഉണ്ടായത്. നിലവില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്. മലയാളികൾക്ക് ആരും അപായമില്ലെന്നാണ് വിവരമെന്നും റീന പറഞ്ഞു. ടെൽ അവീവ് മേഖലയിൽ ഒരു മണിക്കൂറോളം ആക്രമണം തുടർന്നെന്ന് മലയാളിയായ ബ്ലെസ്സി പറഞ്ഞു. നിലവിൽ മലയാളികൾ ആർക്കും എന്തെങ്കിലും പരിക്കേറ്റതായി വിവരം ഇല്ലെന്നും ബ്ലെസ്സി പറഞ്ഞു.
രാത്രിയിൽ ഫോണിലേക്ക് മുന്നറിയിപ്പ് സന്ദേശം വന്നിരുന്നുവെന്നും ഉടനെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയായിരുന്നുവെന്നും നിലവില്‍ പ്രശ്നങ്ങളിലെന്നും മലയാളികള്‍ പറഞ്ഞു. ഒരു മണിക്കൂറാണ് ആക്രമണം ഉണ്ടായതെന്നും ഇപ്പോള്‍ വീടുകളില്‍ സുരക്ഷിതമായിരിക്കുകയാണെന്നും മലയാളികള്‍ പറഞ്ഞു.അതേസമയം, സംഘർഷം വ്യാപിക്കുന്നത് തടയണമെന്ന് വീണ്ടും ഇന്ത്യ മേഖലയിലെ സംഘർഷം പരിഹരിക്കണമെന്നും വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ഇതിനായി പരസ്പരം സന്ദേശങ്ങൾ കൈമാറാൻ തയ്യാറെന്നും എസ് ജയശങ്കർ പറഞ്ഞു.