മുംബൈ: ടൂത്ത്പേസ്റ്റിന് പകരം എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ധാരാവി സ്വദേശിയും 18കാരിയുമായ അഫ്സാനയാണ് മരിച്ചത്. സെപ്റ്റംബര്‍ 3ന് ആണ് സംഭവം നടന്നത്. രാവിലെ എഴുന്നേറ്റ് പല്ലുതേക്കാന്‍ പേസ്റ്റ് തിരഞ്ഞപ്പോള്‍ സമീപത്ത് വച്ചിരുന്ന എലിവിഷത്തിന്റെ ട്യൂബ് അബദ്ധത്തില്‍ എടുക്കുകയും പല്ലുതേക്കുകയുമായിരുന്നു. രുചിയിലും മണത്തിലും വ്യത്യാസം തോന്നിയ ഉടനെ വായ കഴുകിയെങ്കിലും അഫ്സാനയ്ക്ക് അസ്വസ്ഥതകള്‍ ആരംഭിക്കാന്‍ തുടങ്ങി.
കലശലായ വയറുവേദന അനുഭവപ്പെട്ടപ്പോള്‍ കയ്യില്‍ കിട്ടിയ മരുന്നുകള്‍ കഴിച്ചു. വഴക്ക് കേള്‍ക്കുമെന്ന് ഭയന്ന് മാതാപിതാക്കളില്‍ നിന്നും അബദ്ധം സംഭവിച്ച വിവരം മറച്ചുവച്ചു. എന്നാല്‍, അഫ്സാനയുടെ ആരോഗ്യനില വഷളാകുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ കാര്യമറിയാതെ തന്നെ ആശുപത്രിയില്‍ എത്തിച്ചു. വിവിധ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും അഫ്സാനയുടെ ആരോഗ്യനില പൂര്‍വസ്ഥിതിയിലായില്ല.
ഒടുവില്‍ എലിവിഷം വായിലെത്തിയ വിവരം അഫ്സാന തുറന്നു പറഞ്ഞു. ഉടന്‍ തന്നെ ജെ.ജെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തേടിയെങ്കിലും ചൊവ്വാഴ്ച വൈകിട്ട് അഫ്സാന മരിച്ചു. അപകടം സംഭവിച്ച് 11-ാം ദിവസം പിന്നിടുമ്പോഴായിരുന്നു അന്ത്യം.
വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന് അഫ്സാനയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോറന്‍സിക് പഠനത്തിനായി സാമ്പിളുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ ധാരാവി പോലീസ് അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.