കോഴിക്കോട്: തമിഴ്നാട്ടിൽ നിന്ന് ഗുഡ്സ് ഓട്ടോറിക്ഷയിൽ മൊത്തക്കച്ചവടത്തിന് കൊണ്ടുവന്ന 75,000 രൂപ വിലവരുന്ന 15,000-ഓളം കോഴി മുട്ടകളും ഗുഡ്സ് ഓട്ടോറിക്ഷയും മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി പീറ്റർ സെെമൺ എന്ന സുനു, മങ്ങോട്ട് വയൽ സ്വദേശി അർജുൻ എന്നിവരാണ് പിടിയിലായത്.
പുലർച്ചെ മാർക്കറ്റിൽ എത്തിക്കേണ്ട കോഴിമുട്ടകളുമായി അർധരാത്രി കോഴിക്കോട് എത്തിയ ഡ്രെെവർ റോഡരികിൽ വാഹനം നിർത്തിയിട്ട് അല്പം മാറി വിശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ മറ്റൊരു ഓട്ടോയിൽ വന്ന പ്രതികൾ മുട്ടകൾ കയറ്റിയ വാഹനവുമായി രക്ഷപ്പെട്ടു. തുടർന്ന് വാഹനത്തിൽ നിന്നും മോഷ്ടിച്ച മുട്ടകൾ ഇവർ കോഴിക്കോട് നഗരത്തിലുള്ള പല സ്ഥാപനങ്ങളിലേക്കും വിൽക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്. കേസിലെ പ്രതിയായ സെെമൺ മുൻപും പല മോഷണകേസുകളിൽ പ്രതിയാണ്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.