തിരുവനന്തപുരം: അഞ്ചല്‍ ഏരൂരില്‍ കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ (44) വീട്ടില്‍ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ 14 പേര്‍ കുറ്റക്കാര്‍. കൊല്ലം ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കരെയാണ് കുറ്റക്കാരനായി കോടതി വിധിച്ചത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹന്‍ അടക്കം നാലു പ്രതികളെ വെറുതെവിട്ടു. ശിക്ഷാവിധി ഈ മാസം 30ന് പ്രഖ്യാപിക്കും.
തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. 2010 ഏപ്രില്‍ 10-നാണ് ഐന്‍ടിയുസി നേതാവായ രാമഭദ്രന്‍ കൊല്ലപ്പെട്ടത്. കരഞ്ഞുകാലുപിടിച്ചിട്ടും പ്രതികള്‍ യാതൊരു ദയയും കാട്ടാതെ തങ്ങളുടെ കണ്‍മുന്നിലിട്ട് രാമഭദ്രനെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നുവെന്ന ഭാര്യയുടെയും രണ്ടു പെണ്‍മക്കളുടെയും മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302,120 (ബി), 201 വകുപ്പുകളും, 20,27 ആംസ് ആക്ട് എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ കണ്ടെത്തിയത്. ജയമോഹനു പുറമേ റിയാസ്, മാക്സണ്‍ യേശുദാസ്, റോയിക്കുട്ടി എന്നിവരെയാണ് വെറുതേവിട്ടത്.
ഗിരീഷ്‌കുമാര്‍, പത്മന്‍, അഫ്‌സല്‍, നജുമല്‍, ഷിബു, വിമല്‍, സുധീഷ്, ഷാന്‍, രതീഷ്, ബിജു, രഞ്ജിത്ത്, സാലി എന്ന കൊച്ചുണ്ണി, റിയാസ് എന്ന മുനീര്‍, ഡിവൈഎഫ്ഐ നേതാവ് റിയാസ്, മാര്‍ക്സണ്‍, മുന്‍ സിപിഎം അഞ്ചല്‍ ഏരിയ സെക്രട്ടറി പി.എസ്.സുമന്‍, സിപിഎം മുന്‍ ജില്ലാ കമ്മറ്റി അംഗം ബാബു പണിക്കര്‍, ജയ്‌മോഹന്‍, റോയികുട്ടി, രവീന്ദ്രന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കൊലപാതകം നടന്ന് 14 വര്‍ഷത്തിനു ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്. അന്വേഷണത്തില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് കാട്ടി കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സിബിഐ അന്വേഷണത്തിനു കളമൊരുങ്ങിയത്. രണ്ടാം പ്രതി മരിച്ചു. സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ കെ.ടി.തോമസാണ് നാലു വര്‍ഷം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയത്.
കോണ്‍ഗ്രസ് ഏരൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി പ്രാദേശിക നേതാവുമായിരുന്ന രാമഭദ്രനെ 2010 ഏപ്രില്‍ 10 ന് രാത്രി വീട്ടില്‍ കയറി ഭാര്യയുടെയും രണ്ടു പെണ്‍മക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊന്നുവെന്നാണ് കേസ്. രാമഭദ്രന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രചാരം വര്‍ധിപ്പിച്ചതും സിപിഎം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ചതുമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് സിബിഐ കേസ്. കേസിലെ ഒന്നാം പ്രതി സിപിഎം പ്രവര്‍ത്തകനായിരുന്ന ഗിരീഷും പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലെ തര്‍ക്കം രാമഭദ്രന്റെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസില്‍ 16 സിപിഎം പ്രവര്‍ത്തകരെ പ്രതികളായി അറസ്റ്റ് ചെയ്തു. എന്നാല്‍ ഇടതു ഭരണ കാലത്തു നടത്തിയ അന്വേഷണത്തില്‍ നീതി ലഭിച്ചില്ലെന്ന് കാട്ടി രാമഭദ്രന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയാണു സിബിഐ അന്വേഷണത്തിന് അനുമതി നേടിയത്. സിബിഐ അന്വേഷണത്തില്‍ പ്രതികളുടെ എണ്ണം 21 ആയി. രണ്ടു പേര്‍ മാപ്പുസാക്ഷികളായി. രണ്ടാം പ്രതിയും സിപിഎം അഞ്ചല്‍ ഏരിയ കമ്മിറ്റി അംഗവുമായ ജെ.പത്മനെ പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. കേസിലെ ഇരുപതാം പ്രതി രവീന്ദ്രന്‍ മരണപ്പെട്ടു. മറ്റൊരു പ്രതി സിപിഎം മുന്‍ ഏരിയ സെക്രട്ടറിയായിരുന്ന പി.എസ്.സുമന്‍ പാര്‍ട്ടി വിട്ടു ബിജെപിയില്‍ ചേര്‍ന്നതും വിവാദത്തിന് ഇടയാക്കിയിരുന്നു.
തന്റെ ഭര്‍ത്താവിനെ പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് കേസിലെ നാലാം സാക്ഷിയും രാമഭദ്രന്റെ ഭാര്യയുമായ ബിന്ദു കോടതിയില്‍ മൊഴി നല്‍കിയിരുന്നു. വെട്ടു കൊണ്ട് ഓടിപ്പോയ രാമഭദ്രനെ പ്രതികള്‍ ഓടിച്ചിട്ട് വെട്ടിയെന്നു ബിന്ദു പറഞ്ഞു. പത്തുപേര്‍ അടങ്ങിയ സംഘമാണ് വീട്ടില്‍ എത്തിയത്. തന്റെയും രണ്ടു പെണ്‍മക്കളുടെയും കഴുത്തില്‍ വാള്‍ വച്ചശേഷം ബഹളം ഉണ്ടാക്കരുതെന്നു പറഞ്ഞു. കൊലയ്ക്കുശേഷം പ്രതികള്‍ ജീപ്പില്‍ കയറി പോയി. രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണ് തന്നെ വെട്ടിയതെന്നു മരിക്കുന്നതിനു മുന്‍പായി രാമഭദ്രന്‍ പറഞ്ഞിരുന്നതായും ബിന്ദു മൊഴി നല്‍കി.
വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികളായ ഷിബു, സുധീഷ്, ഷാന്‍, രതീഷ്, ബിജു, രഞ്ജിത്, സാലി, റിയാസ്, മാര്‍ക്സണ്‍, യേശുദാസ് എന്നിവരെ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. 12 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും അന്നത്തെ സംഭവങ്ങള്‍ മനസ്സിലുണ്ടെന്നും മറക്കാന്‍ കഴിയില്ലെന്നും കരഞ്ഞുകൊണ്ട് ബിന്ദു പറഞ്ഞു. നാട്ടിലെ മുഴുവന്‍ ജനങ്ങള്‍ക്കും രാഷ്ട്രീയം നോക്കാതെ താന്‍ സഹായം ചെയ്യാറുണ്ടെന്നും ഇതു കാരണം സിപിഎമ്മില്‍നിന്നും നിരവധി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായും ഭര്‍ത്താവ് പറഞ്ഞിട്ടുണ്ടെന്ന് ബിന്ദു വ്യക്തമാക്കി.
ഇതുകാരണം സിപിഎം നേതാക്കള്‍ക്കു രാമഭദ്രനോട് വൈരാഗ്യം ഉണ്ടായിരുന്നു. ജയ് മോഹന്‍, ബാബു പണിക്കര്‍, സുമന്‍, അഫ്സല്‍, പത്മന്‍, ഗിരീഷ് എന്നിവര്‍ക്ക് തന്നോട് വൈരാഗ്യം ഉണ്ടായിരുന്നതായി മരണത്തിനു തൊട്ടുമുന്‍പ് ഭര്‍ത്താവ് തന്നോട് പറഞ്ഞതായും ബിന്ദു മൊഴി നല്‍കി. സംഭവത്തിനു ശേഷം രാമഭദ്രന്റെ അമ്മയുടെ സംസാരശേഷി നഷ്ടപ്പെട്ടതായും ബിന്ദു പറഞ്ഞു. വെട്ടേറ്റു വീണ അച്ഛനോട് വെള്ളം തരട്ടേയെന്ന് അമ്മ ചോദിച്ചപ്പോള്‍ വെള്ളം വേണ്ട താന്‍ മരിച്ചുപോകുമെന്ന് അച്ഛന്‍ പറഞ്ഞുവെന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന മകള്‍ ആര്യ കോടതിയില്‍ പറഞ്ഞിരുന്നു. ദുഃഖം താങ്ങാനാകാതെ അച്ഛന്റെ അമ്മ ഒരു മാസം കഴിഞ്ഞു മരിച്ചുവെന്നും ആര്യ കണ്ണീരോടെ കോടതിയില്‍ പറഞ്ഞു. കരഞ്ഞു കാലുപിടിച്ചിട്ടും പ്രതികള്‍ ഒരു ദയയും കാട്ടിയില്ലെന്നും ആര്യ പറഞ്ഞിരുന്നു.
രാമഭദ്രനെ കൊലപ്പെടുത്തിയത് ‘യു’ മാതൃകയിലുള്ള കത്തി ഉപയോഗിച്ചാണെന്ന് മൂന്നാം സാക്ഷി ഷിബു മൊഴി നല്‍കിയിരുന്നു. പ്രതികളുടെ കയ്യില്‍ ആറു കത്തികളുണ്ടായിരുന്നെന്ന് രാമഭദ്രന്റെ സഹോദരന്റെ മകനായ ഷിബു മൊഴി നല്‍കി. രാമഭദ്രന്റെ വീട്ടില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് കരാറു പണികള്‍ ഏറ്റെടുത്തു ചെയ്യുന്ന ഷിബു താമസിക്കുന്നത്. പണി സംബന്ധിച്ച കാര്യം സംസാരിക്കാനാണ് കൊലപാതകം നടന്ന ദിവസം രാമഭദ്രന്റെ വീട്ടിലേക്കെത്തിയത്. രാമഭദ്രനുമായി സംസാരിച്ചശേഷം മടങ്ങുമ്പോള്‍ വീട്ടിലേക്കു ജീപ്പു പോകുന്നതു കണ്ടതായി ഷിബു കോടതിയില്‍ പറഞ്ഞു.
അല്‍പസമയത്തിനകം വീട്ടില്‍നിന്ന് നിലവിളി കേട്ടു. വീട്ടിനടുത്തേക്ക് എത്തിയപ്പോള്‍ ‘അവന്റെ പണി കഴിഞ്ഞെന്നു’ പറഞ്ഞ് പ്രതികള്‍ ജീപ്പില്‍ കയറി സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. അയല്‍ക്കാരുടെ സഹായത്തോടെ രാമഭദ്രനെ പുനലൂരിലെ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും ഷിബു പറഞ്ഞു.