KeralaNews

11 മക്കള്‍; എല്ലാവരും നല്ല നിലയിലെങ്കിലും സല്‍മാ ബീവി താമസിച്ചത് ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടില്‍ ഒറ്റയ്ക്ക്; ആ മാല ആര്‍ക്കും കൊടുക്കാതിരുന്നതിന് കാരണമിതാണ്

വെഞ്ഞാറമൂട് : അഫാന്‍ ആദ്യം കൊലപ്പെടുത്തിയ സല്‍മാബീവിയുടേത് അപകട മരണമെന്നാണു ഏവരും കരുതിയത്. ആശുപത്രിയിലേക്കു മാറ്റാനൊരുങ്ങുമ്പോഴാണു വെഞ്ഞാറമൂട് പൊലീസില്‍നിന്നു സന്ദേശമെത്തിയത്. മുത്തശ്ശിയുടെ ഏറ്റവും പ്രിയപ്പെട്ട കൊച്ചുമകനായ അഫാനാണ് കൊലപാതകി എന്ന് അറിഞ്ഞത് രാത്രിയോടെയാണ്.

വെഞ്ഞാറമട്ടിലേയും എസ് എല്‍ പുരത്തേയും നടക്കുന്ന കൊലകള്‍ക്കൊപ്പമാണ് ഇതും അറിഞ്ഞത്. സര്‍വ്വത്ര ദുരൂഹതകളാണ് ഈ കേസിലുള്ളത്. 11 മക്കളുള്ള സല്‍മാബീവി ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. രാത്രിയില്‍ കൂട്ടുകിടക്കാന്‍ മകള്‍ വരും. വൈകിട്ടോടെ മകള്‍ എത്തും. അപ്പോഴാണ് തലയുടെ പിന്‍ഭാഗത്ത് ആഴത്തില്‍ മുറിവേറ്റ നിലയില്‍ അടുക്കളയില്‍ കമഴ്ന്നുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.

അടുക്കളഭിത്തിയിലും നിലത്തും ചോരപ്പാടുകള്‍. ഉടന്‍ നാട്ടുകാരെ വിവരമറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചശേഷം അപകട മരണമെന്ന നിഗമനത്തിലെത്തി.

പ്രായമുള്ളയാള്‍ കാല്‍ വഴുതി വീണപ്പോള്‍ തലയിടിച്ചു മുറിവുണ്ടായെന്നും രക്തം വാര്‍ന്നു മരിച്ചെന്നുമായിരുന്നു നിഗമനം. അഫാന്റെ കീഴടങ്ങലിനുശേഷം വെഞ്ഞാറമൂട് പൊലീസിന്റെ സന്ദേശമെത്തിയപ്പോഴാണു കൊലപാതകം ഏവരും അറിഞ്ഞത്. പുല്ലമ്പാറയില്‍ കൊല്ലപ്പെട്ട ലത്തീഫിന്റെ മൃതദേഹം സോഫയില്‍ ഇരിക്കുന്ന നിലയിലായിരുന്നു.

ഭാര്യ സജിതാബീവിയുടേത് ഇതേ മുറിയില്‍ നിലത്ത്. പെരിങ്ങമലയില്‍ കൊല്ലപ്പെട്ട ഫര്‍സാനയുടെ മൃതദേഹം ഒന്നാം നിലയിലെ മുറിയില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു. അഫ്‌സാന്റെ മൃതദേഹം താഴത്തെ നിലയില്‍ തറയിലും ഷമി മുറിക്കുള്ളിലുമായിരുന്നു.

സ്വര്‍ണമാല ചോദിച്ച് അഫാന്‍ രണ്ടുദിവസം മുന്‍പ് മുത്തശി സല്‍മാ ബീവിയുടെ വീട്ടില്‍ വന്നിരുന്നുവെന്ന് സല്‍മാബീവിയുടെ മൂത്തമകന്‍ ബദറുദീന്‍ പറയുന്നു. എന്നാല്‍ മാല കൊടുക്കില്ലെന്ന് സല്‍മാബീവി പറഞ്ഞു. ആകെയുള്ള തന്റെ സമ്പാദ്യമാണ്. ഇത് നല്‍കാന്‍ സാധിക്കില്ല. തന്റെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ വേണ്ടി സൂക്ഷിക്കുന്നതാണെന്നും ഉമ്മ സല്‍മാബീവി പറഞ്ഞതായും ബദറുദീന്‍ മപറഞ്ഞു.ഇന്നലെ രാവിലെ എട്ടുമണിക്ക് അഫാന്റെ ബൈക്ക് സല്‍മാബീവിയുടെ വീടിന്റെ പുറത്ത് ഇരിക്കുന്നത് കണ്ടിരുന്നു. വൈകീട്ട് അഞ്ചുമണിയോടെയാണ് ഉമ്മ മരിച്ചവിവരം അറിയുന്നതെന്നും ബദറുദീന്‍ പറഞ്ഞു.

അച്ഛന്റെ ഉമ്മയായ സല്‍മാബീവിയെ കൊന്നശേഷം അഫാന്‍ അവരുടെ സ്വര്‍ണമാലയും മോഷ്ടിച്ചു. ഇക്കാര്യം പൊലീസിനോട് അഫാന്‍ സമ്മതിച്ചിട്ടില്ലെങ്കിലും സല്‍മാബീവിയുടെ മാല കാണാനില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധമല്ല, മറ്റുള്ളവര്‍ക്കെതിരെ ഉപയോഗിച്ചതെന്നും കരുതുന്നു. സല്‍മാ ബീവിയുടെ ആഭരണം പണയം വച്ചെന്നും സൂചനയുണ്ട്.

ഇതുകൊണ്ടാണ് പിന്നീടുള്ളവരെ കൊല്ലാന്‍ ചുറ്റിക വാങ്ങിയതെന്നാണ് സൂചന. അഫാന്റെ കുടുംബത്തിന് 75 ലക്ഷത്തിന്റെ സാമ്പത്തിക ബാധ്യതയുണ്ടെന്നും അതാണ് കൊലയ്ക്ക് കാരണമെന്നുമാണ് പ്രതി പൊലീസിനും മജിസ്‌ട്രേറ്റിനും മൊഴി നല്‍കിയത്.

‘എനിക്ക് 23 വയസ്സുണ്ട്. ഉപ്പ ഗള്‍ഫില്‍ ഫര്‍ണിച്ചര്‍ കട നടത്തുകയാണ്. ബിസിനസിനായി വലിയ തുക വായ്പയെടുത്തു. എന്നാല്‍ ബിസിനസ് പൊളിഞ്ഞതോടെ കടം കയറി. നാട്ടില്‍ നിന്ന് പണം അയച്ചുകൊടുക്കാന്‍ ഉപ്പ ആവശ്യപ്പെടുന്നു. ഉപ്പയുടെ സഹോദരന്‍ അതിന് പണം നല്‍കുന്നില്ല. ഉമ്മൂമ്മയുടെ പക്കല്‍ ധാരാളം സ്വര്‍ണാഭരണം ഉണ്ടെങ്കിലും അവരും നല്‍കുന്നില്ല. അതിനാല്‍ എല്ലാവരെയും തീര്‍ത്തുകളയാന്‍ തീരുമാനിച്ചു’ എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

എന്നത്തേയും പോലെ സ്‌കൂള്‍ വിട്ട് വന്നതാണ് അഫാന്റെ കുഞ്ഞനുജന്‍ അഹ്സാന്‍. അഹ്സാനും അഫാനും തമ്മില്‍ വളരെയേറെ സ്നേഹത്തില്‍ കഴിഞ്ഞവരാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവരുടെ പിതാവ് വിദേശത്തായതിനാല്‍ കരുതലും സ്നേഹവും കൂടുതലായിരുന്നു. ഇരുവരും തമ്മില്‍ പത്തു വയസ്സ് വ്യത്യാസമുണ്ട്. കുഞ്ഞനുജന്റെ പഠനകാര്യങ്ങള്‍ നോക്കിയിരുന്നതും ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്നതുമെല്ലാം അഫാനായിരുന്നു.

കൊലപാതകങ്ങള്‍ നടത്തിയ ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ എത്തി അഫാന്‍ സംഭവം വിവരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. താന്‍ അഞ്ചു പേരെ കൊലപ്പെടുത്തിയെന്നാണ് പേരുമന സ്വദേശിയായ അഫാന്‍(23) വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ എത്തി പറഞ്ഞത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതക വിവരം സ്ഥിരീകരിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker