ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിക്ക് താന്‍ നല്‍കിയ മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്ന് ആരോപിച്ച് മലയാള സിനിമ താരം സുപ്രീംകോടതിയെ സമീപിച്ചു. കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം ഇത് വരെയും തന്നെ സമീപിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് നടി സുപ്രീംകോടതിയെ സമീപിച്ചത്.
കേസില്‍ കക്ഷിചേരാന്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് നടി ഇക്കാര്യം ആരോപിച്ചിരിക്കുന്നത്. മൊഴി നല്‍കിയപ്പോള്‍ എല്ലാ കാര്യങ്ങളും രഹസ്യമായിയിരിക്കുമെന്നാണ് ഉറപ്പ് ലഭിച്ചിരുന്നത്. തന്റെ സ്വകാര്യതയെക്കുറിച്ച് ആശങ്കയുണ്ടെന്നും ഹേമ കമ്മിറ്റിയുടെ നടപടികള്‍ പരിപൂര്‍ണ്ണതയില്‍ എത്തണമെന്നാണ് ആഗ്രഹമെന്നും നടി കക്ഷിചേരല്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷക ലക്ഷ്മി എന്‍. കൈമളാണ് നടിയുടെ കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തത്.
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാന്‍ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന വനിത കമ്മീഷന്‍. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് വനിത കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കാക്കിയത്. കമ്മീഷന് വേണ്ടി മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണാണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം സുപ്രീംകോടതി റദ്ദാക്കിയാല്‍ പല ഇരകളുടെയും മൗലികാവകാശം ലംഘിക്കപ്പെടുമെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.
ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താത്പര്യം കാരണമാണെന്നും അതില്‍ അന്വേഷണം ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി മാല പാര്‍വ്വതി ഉള്‍പ്പടെ രണ്ട് ചലച്ചിത്രപ്രവര്‍ത്തകര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ നിലപാട് തള്ളണമെന്ന് വനിത കമ്മീഷന്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ഒരു ഭാഗത്ത് തൊഴില്‍ മേഖലയിലെ സുരക്ഷ വേണമെന്ന് വാദിക്കുന്നവരാണ് മറ്റൊരു ഭാഗത്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും സംസ്ഥാന വനിത കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ഇതിനിടെ കേസിലെ ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ഡബ്ല്യു.സി.സി. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തു. വ്യാഴാഴ്ച്ച ജസ്റ്റിസ് വിക്രം നാഥിന്റെ അധ്യക്ഷതയില്‍ ബെഞ്ച് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കും.