KeralaNews

മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി,പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകമാവും; മൂന്നു രീതിയിൽ പരിശോധന നടത്താൻ ഡോക്ടർമാർ

തിരുവനന്തപുരം: കേരളം മുഴുവൻ വലിയ വിവാദമായ വാർത്തയായിരുന്നു നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധി. സ്വന്തം പിതാവിനെ മക്കള്‍ വീടിന് മുന്നിൽ സമാധി ഇരുത്തിയെന്ന വാർത്ത വലിയ ദുരൂഹതയോടെ ആയിരുന്നു ജനങ്ങൾ കണ്ടത്. ഒടുവിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയിലാണ് മാൻ മിസ്സിങ്ങ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇപ്പോഴിതാ ഈ ദുരൂഹമായ വിവാദത്തിൽ ഒരു ഫുൾ സ്റ്റോപ്പിടാൻ ഉറച്ചുതന്നെ പോലീസും അധികൃതരും ഉള്ളത്.

ഇന്ന് രാവിലെയാണ് വൻ സുരക്ഷാ വലയത്തിൽ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കേളേജിലേക്ക് കൊണ്ടുപോകുകയാണ്. കല്ലറയില്‍ കണ്ടെത്തിയ മൃതദേഹം ഗോപന്‍ സ്വാമിയുടേത് തന്നെയാണെന്നാണ് സൂചനകൾ. പത്മാസനത്തില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കല്ലറയില്‍ അടക്കം ചെയ്തത്. കല്ലറയില്‍ മണ്ണിന് പകരം കര്‍പ്പൂരവും കളഭവും അടക്കമമുള്ള പൂജാദ്രവ്യങ്ങളാണ് നിറച്ചിരുന്നത്. നെഞ്ചു വരെ കര്‍പ്പൂരവും ഭസ്മവും പൂജാവസ്തുക്കളും നിറച്ച നിലയിലാണ് മൃതദേഹം കണ്ടത്.

ഇപ്പോഴിതാ, തുടര്‍ നടപടികള്‍ക്കായി മൃതദേഹം പുറത്തെടുത്തു തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെന്നാണ് വിവരങ്ങൾ. ഇവിടെ പോസ്റ്റുമോര്‍ട്ടം ചെയ്യും. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുന്നത്. തിരുവനന്തപുരം സബ്കലക്ടര്‍ ഒ.വി.ആല്‍ഫ്രഡിന്റെ നേതൃത്വത്തിലാണു നടപടികള്‍ ഇപ്പോൾ പുരോഗമിക്കുന്നത്.

ഗോപൻ സ്വാമിയുടെ വിവാദ കല്ലറ തുറന്ന് പുറത്തെടുത്ത മൃതദേഹത്തിൻ്റെ പോസ്റ്റ്മോർട്ടത്തിൽ മൂന്നു തലങ്ങളിലുള്ള പരിശോധനയാണ് നടത്താൻ പോകുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. വിഷം ഉള്ളിൽ ചെന്നാണോ മരണമെന്നും പരിക്കേറ്റാണോ, അതോ സ്വഭാവിക മരണമാണോയെന്നും പരിശോധിക്കും. വിഷാശം കണ്ടത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിൾ ശേഖരിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.

ആന്തരിക അവയവങ്ങളുടെ സാമ്പിൾ പരിശോധന ഫലം വരാൻ ഇനി ഒരാഴ്ച എങ്കിലും കാലതാമസമെടുക്കും. പരിക്കുകൾ ഉണ്ടോ എന്ന് കണ്ടെത്താൻ റേഡിയോളജി, എക്‌സറെ പരിശോധന നടത്തും. ഇതിന്റെ ഫലം ഇന്ന് തന്നെ ലഭിക്കും. മൂന്നാമത്തെ പരിശോധന സ്വാഭാവിക മ രണമാണോ എന്ന് സ്ഥിരീകരിക്കാനാണ്. രോഗവസ്ഥ അടക്കം പല സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇതിൽ തീരുമാനം എടുക്കുക.

മരിച്ചത് ഗോപൻ തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ ശാസ്ത്രീയമായി തെളിയിക്കാൻ ഡിഎൻഎ പരിശോധനയും നടത്തും. അതേസമയം, പോസ്റ്റ്മോർട്ടം നടക്കുന്ന സ്ഥലത്തേക്ക് മൂത്ത മകൻ കൊണ്ടു പോയിട്ടുണ്ട്. ആദ്യം ഒന്ന് വിസമ്മതിച്ചെങ്കിലും പിന്നീട് മകൻ പോവാൻ തയ്യാറാവുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബം ഏറ്റെടുക്കേണ്ടി വരുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ആദ്യം തീരുമാനം എടുത്തത് മൃതദേഹം അഴുകിയ നിലയിലാണെങ്കിൽ പോസ്റ്റ്മോർട്ടം സ്ഥലത്ത് വെച്ച് തന്നെ നടത്താമെന്നായിരുന്നു. അതുകൊണ്ട് തന്നെ ഫോറൻസിക് സർജൻ അടക്കം സംഘവും സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ അഴുകിയിട്ടില്ലാത്തതിനാൽ ഫോറൻസിക് സംഘം മടങ്ങി. കല്ലറയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ടായിരുന്നു. ഹൃദയ ഭാഗം വരെ പൂജാദ്രവ്യങ്ങൾ നിറച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറുകയായിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പോലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. തുടർന്നാണ് പോലീസ് അന്വേഷണവുമായി മുന്നോട്ട് പോവാൻ തീരുമാനം എടുത്തത്. അതിരാവിലെ വൻ പൊലീസ് സന്നാഹത്തോടെ വീട്ടിലെത്തി കല്ലറ പൊളിക്കുകയായിരുന്നു. അതേസമയം, നേരത്തെ പ്രതിഷേധം ഉയർത്തിയിരുന്നെങ്കിലും ഇന്ന് കല്ലറ പൊളിക്കുമ്പോൾ കാര്യമായ പ്രതിഷേധമൊന്നും കുടുംബത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല.

അതേസമയം, സംഘര്‍ഷസാധ്യത കണക്കിൽ എടുത്ത് 2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം പുലര്‍ച്ചെതന്നെ സ്ഥലത്ത് എത്തിയിരുന്നു. ജില്ലാ ഭരണകൂടമാണു കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. കല്ലറയിലേക്കുള്ള വഴി രാവിലെത്തന്നെ അടച്ചു; ഇവിടെ പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടാകില്ല. ടാര്‍പോളിന്‍ ഉപയോഗിച്ച് കല്ലറ മറച്ചതിനു ശേഷമാണു മേല്‍മൂടി തുറന്നത്. ഫൊറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ ആര്‍ഡിഒയും ഡിവൈഎസ്പിയും മറ്റുമെത്തി കല്ലറ തുറക്കാന്‍ ശ്രമിച്ചിരുന്നു. ഹിന്ദു ഐക്യവേദി, വിഎസ്ഡിപി സംഘടനകളുടെ നേതാക്കളും കുടുംബവും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ സംഘര്‍ഷാവസ്ഥ ഒഴിവാക്കാനായി ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. കല്ലറ പരിശോധിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ അംഗീകരിച്ചില്ല. തുടര്‍ന്നാണ് ഇന്നു പുലര്‍ച്ചെതന്നെ വന്‍ പൊലീസ് സന്നാഹം ഗോപന്റെ വീട്ടിലെത്തിയത്.

സമാധിയായി എന്നു പറയപ്പെടുന്ന ഗോപന്റെ ഭാര്യ സുലോചന ആര്‍ഡിഒ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഗോപന്‍ സ്വാമിയുടെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്നു ഹൈക്കോടതി ആരാഞ്ഞു. മരണസര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരും. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമായാണ്. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പോലീസിന് അധികാരം ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker